bomb-blast

കൊളംബോ: ലോകമാകെ പുണ്യദിനമായ ഈസ്റ്റർ ആഘോഷിക്കുന്നതിനിടെ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിൽ ഒരു മലയാളിയടക്കം 207 പേർ കൊല്ലപ്പെട്ടു. കാസർകോട് മൊഗ്രാൽ പുത്തൂർ ആസാദ് നഗർ സ്വദേശിയും മംഗളൂരുവിൽ താമസക്കാരിയുമായ ഖാദർ കുക്കാടിയുടെ ഭാര്യ പി.എസ് റസീനയാണ് (58)കൊല്ലപ്പെട്ട മലയാളി. ദുബായിൽ താമസിച്ചിരുന്ന ഇവർ കൊളംബോയിലുള്ള ബന്ധുക്കളെ കാണാൻ എത്തിയതായിരുന്നു.

സ്ഫോടനങ്ങളിൽ 500 ഓളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏറെയും അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാരായ ക്രിസ്ത്യാനികളാണ്. ജപ്പാൻ, നെതർലാൻഡ്സ്,​പോർച്ചുഗൽ, ടർക്കി പൗരന്മാരുംരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിരവധി പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരും.

സ്ഫോടനങ്ങൾ നടന്ന നാല് ആഡംബര ഹോട്ടലുകളും ഒരു പള്ളിയും തലസ്ഥാനമായ കൊളംബോയിലാണ്. രണ്ടിടത്ത് ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. മൊത്തം എട്ട് സ്ഫോടനങ്ങളാണ് നടന്നത്. ദേവാലയങ്ങൾക്ക് വലിയ നാശമുണ്ടായി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഒരു ഗ്രൂപ്പാണ് പിന്നിലെന്നും ഏഴു പേരെ അറസ്റ്റ് ചെയ്തതായും പ്രതിരോധ മന്ത്രി റെനിൽ വിക്രമസിംഗെ പറഞ്ഞു. ഇവരുടെ വിശദവിവരങ്ങൾ അറിവായിട്ടില്ല.

തമിഴ്പ്പുലികൾ ഉൾപ്പെട്ട ആഭ്യന്തര കലാപത്തിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ട ശേഷം ശ്രീലങ്കയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.

കൊളംബോയിലെ കൊച്ചിക്കാഡെ ജില്ല, ബട്ടിക്കലോവ, നെഗോംബോ എന്നിവിടങ്ങളിലെ പള്ളികളും ദ ഷാൻഗ്രിലാ, കിംഗ്സ്ബറി, സിന്നമൺ ഗ്രാൻഡ് എന്നിവ ഉൾപ്പെടെ നാല് ഹോട്ടലുകളുമാണ് കുരുതിക്കളമായത്. സിന്നമൺ ഹോട്ടൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ്. ഈ ഹോട്ടലിൽ പ്രഭാത ഭക്ഷണത്തിനുള്ള ബുഫേ ക്യൂവിൽ പ്ലേറ്റുമായി കാത്തു നിന്ന ചാവേർ ഭക്ഷണം വിളമ്പുമ്പോൾ പുറത്ത് കെട്ടി വച്ചിരുന്ന ബോംബ് പൊട്ടിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഭക്ഷണശാല കൊലക്കളമായി. തലേന്ന് രാത്രി മുഹമ്മദ് അസം മുഹമ്മദ് എന്ന പേരിൽ ഇയാൾ ഹോട്ടലിൽ മുറിയെടുത്തിരുന്നു.

നാഷണൽ തൗഹീത് എന്ന തീവ്രമുസ്ലീം ഗ്രൂപ്പ് ക്രിസ്‌ത്യൻ പള്ളികളിലും ഇന്ത്യൻ ഹൈക്കമ്മിഷനിലും ചാവേർ ആക്രമണങ്ങൾ നടത്തുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. കഴി‌ഞ്ഞ വർഷം ലങ്കയിൽ ബുദ്ധപ്രതിമകൾ തകർത്തത് ഈ ഗ്രൂപ്പായിരുന്നു. ഇന്നലത്തെ ആക്രമണത്തിന് പിന്നിൽ ഇവരാണോ എന്ന് വ്യക്തമല്ല.

രാവിലെ 8.45 ന് കൊച്ചിക്കാടെ സെന്റ് ആന്റണീസ് ദേവാലയത്തിലായിരുന്നു ആദ്യ സ്‌ഫോടനം..

തുടർന്ന് നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ബാട്ടിക്കലോവയിലെ സിയോൺ ചർ‌ച്ച്,​ സിനമോൺ ഗ്രാൻഡ്,​ ഷാങ് റി ലാ,​ കിംഗ്സ്ബറി ഹോട്ടലുകളിലും സ്‌ഫോടനങ്ങളുണ്ടായി. മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ആറുസ്‌ഫോടനങ്ങളും നടന്നത്.

ഉച്ചയക്ക് ശേഷം കൊളംബോയ്‌ക്ക് സമീപമുള്ള ദേഹീവാല മൗണ്ട് ഹോട്ടലിലും കൊളംബോയ്‌ക്ക് വടക്ക് ഒരുഗോഡവട്ട എന്ന സ്ഥലത്തെ ഒരു പാർപ്പിട സമുച്ചയത്തിലും സ്ഫോടനമുണ്ടായി. ഈ കെട്ടിടത്തിലേക്ക് ചാവേർ കയറി പൊട്ടിത്തെറിക്കുകയായിരുന്നു. സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ 50 പേരും സിയോൺ പള്ളിയിൽ 25 പേരും കൊല്ലപ്പെട്ടു.

രാജ്യത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. എല്ലാ വിദ്യാലയങ്ങളും ബുധനാഴ്ച വരെ അടച്ചിടും. സോഷ്യൽമീഡിയ താത്കാലികമായി നിരോധിച്ചു.

റസീന കൊല്ലപ്പെട്ടത് നാട്ടിലേക്ക് മടങ്ങാനിരിക്കെ

കാസർകോട് : ശ്രീലങ്കയിലെ ഷാംഗ്രി ലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് മലയാളിയായ പി.എസ് റസീന കൊല്ലപ്പെട്ടത്. ഭർത്താവ് ഖാദറിനൊപ്പം പത്ത് ദിവസം മുമ്പാണ് റസീന ശ്രീലങ്കയിലേക്ക് പോയത്. ഈ ഹോട്ടലിലായിരുന്നു താമസം. ഇവരുടെ സഹോദരൻ ബഷീർ ശ്രീലങ്കയിൽ ബിസിനസുകാരനാണ്. അവധി ആഘോഷത്തിനുശേഷം ഭർത്താവ് ഖാദർ ഇന്നലെ രാവിലെ ദുബായിലേക്ക് പോയി. റസീന ശ്രീലങ്കയിലെ മറ്റൊരു ബന്ധുവിന്റെ വീടും സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഇവരുടെ മക്കളായ ഖാൻഫറും ഫറയും അമേരിക്കയിൽ എൻജിനീയർമാരാണ്. ഭർത്താവിനോടൊപ്പം ദുബായിലും മംഗളൂരുവിലുമായി താമസിച്ചുവരികയായിരുന്നു റസീന. സഹോദരൻ ബഷീർ ആശുപത്രിയിലെത്തിയാണ് ഞായറാഴ്ച ഉച്ചയോടെ റസീനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവരുടെ ബന്ധുക്കളുമായും ഹൈക്കമ്മിഷണർ ഓഫീസുമായും നോർക്ക അധികൃതർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. റസീനയുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്റി പറഞ്ഞു.