മാനന്തവാടി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചരണത്തിനെത്തിയ പ്രിയങ്ക മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ച് പ്രിയങ്ക നേരത്തെ രംഗത്തെത്തിയിരുന്നു. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ മത്സരകാര്യത്തിൽ അനുകൂലമായ തീരുമാനമാകും ഹൈക്കമാൻഡ് സ്വീകരിക്കുകയെന്നാണ് സൂചന. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രിയങ്ക വാരണാസിയിൽ മത്സരിച്ചാൽ മറ്റിടങ്ങളിലെ പ്രചാരണത്തെ അത് ബാധിക്കുമോ എന്ന ആശങ്ക സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.
എന്നാൽ, അങ്ങനെയുണ്ടാവില്ലെന്നാണ് പ്രിയങ്കയോട് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. എസ്.പി - ബി.എസ്.പി സഖ്യം ഇതുവരെ വാരണാസിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് പ്രിയങ്കയുടെ വരവ് കണക്കുകൂട്ടിയാണെന്നും പറയപ്പെടുന്നു. മോദിയുടെ മണ്ഡലമെന്ന നിലയിൽ ദേശീയശ്രദ്ധ ആകർഷിച്ച വാരണാസിയിൽ പ്രിയങ്ക കൂടി എത്തിയാൽ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തൽ.
2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളായിരുന്നു മോദിക്കെതിരെ മത്സരിച്ചത്. മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി വിജയിച്ചത്. മോദിയുടെ വരവിനു മുമ്പ് മുരളീമനോഹർ ജോഷിയായിരുന്നു വാരണാസിയെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയത്.