paf

ഇസ്ലാമാബാദ്: ഇന്ത്യൻ വ്യോമസേനയുടെ വെല്ലുവിളി ഭയന്ന് പാകിസ്ഥാൻ വിവിധ രാജ്യങ്ങളിൽ നിന്നായി ആയുധ ശേഖരങ്ങളും നൂതന പോർവിമാനങ്ങളും വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്. പുത്തൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ വാങ്ങുന്നതോടെ തങ്ങളുടെ പ്രതിരോധശേഷി വർദ്ധിക്കുമെന്നാണ് പാകിസ്ഥാൻ കരുതുന്നത്. രാജ്യാന്തര മാദ്ധ്യമപ്രവർത്തകനായ അലൻ വോണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യൻ സേന ഉപയോഗിച്ച മിറാഷ് ശ്രേണിയിലുള്ള വിമാനങ്ങൾ വാങ്ങിക്കാൻ പാകിസ്ഥാൻ ഈജിപ്തിനെ സമീപിച്ചെന്നും റിപ്പോർട്ടുണ്ട്. അഞ്ചോളം വിമാനങ്ങളാണ് പാകിസ്ഥാൻ വാങ്ങൻ ഉദ്ദേശിക്കുന്നത്. ഈജിപ്തിൽ നിന്ന് മിറാഷ് 5 വാങ്ങാൻ പാക് വ്യോമസേന വർഷങ്ങളായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ ദിവസങ്ങളിലാണ് ഇതു സംബന്ധിച്ച് കരാറിലെത്തിയതെന്നുമാണ് റിപ്പോർട്ട്. ഇസ്ലാമാബാദിലെ എയർ ഹെഡ് ക്വാർട്ടേഴ്സിൽ പാക് വ്യോമസേന മേധാവി മുജാഹിദ് അൻവർ ഖാനുമായി അലൻ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈജിപ്ഷ്യൻ എയർഫോഴ്സ് ഉപയോഗിക്കുന്ന പോർവിമാനമായ മിറാഷ് 5 ന്റെ ആദ്യ ബാച്ച് വരും മാസങ്ങളിൽ തന്നെ പാകിസ്ഥാനിൽ എത്തുമെന്നാണ് അറിയുന്നത്. മിറാഷ് 5 വേരിയന്റിലുള്ള 30 പോർവിമാനങ്ങളാണ് പാകിസ്ഥാനു നൽകുന്നത്.

2008-ൽ ടെക്നോളജി പരിഷ്കരിച്ച മിറാഷ് 5 ൽ RC400 റഡാർ, MAWS, മിഷൻ പോഡുകൾ, എച്ച്.എം.ഡി, രാത്രി ആക്രമിക്കാനുള്ള ശേഷി എന്നിവ ഉൾപ്പെടുന്നു.