കൽപ്പറ്റ: അമേതിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത എം.പിയാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണാർത്ഥം സുൽത്താൻ ബത്തരിയിൽ നടന്ന റോ‌ഡ് ഷോയിൽ സംസാരിക്കുകയായിരുന്നു . വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന മണ്ഡലമാണ് അമേതി. നടന്നെന്നു പറയുന്ന വികസനങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ശ്രമഫലമാണ്. ആയുധനിർമാണശാല പൂർത്തിയാക്കിയത് നരേന്ദ്രമോദി സർക്കാറാണ്. അത്തരം ഒരു എം.പി വയനാടിന് ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം.

തുഷാർ വെള്ളാപ്പള്ളിയെ കോൺഗ്രസും ഇടതുപക്ഷവും മുസ്ലീംലീഗും ആക്രമിച്ചത് അദ്ദേഹത്തെിന്റെ മുന്നേറ്റം ഭയന്നാണ് . വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ശരിയല്ലെന്നും മുന്നോട്ടുവെക്കുന്ന ആശയത്തിന് വിരുദ്ധമാണെന്നുമാണ് സീതാറം യെച്ചൂരിയും പ്രകാശ് കാരാട്ടും പറഞ്ഞത്. ഡൽഹിയിൽ ഇരുവരും ബി.ജെ.പിയെ പരാജയപ്പെടത്താൻ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുമെന്ന് ഇടതുപക്ഷം പറയുന്നത് ആത്മാർത്ഥമായിട്ടാണോ?

വയനാടിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ പരിശ്രമിച്ചിരുന്നു. വികസനം ആവശ്യപ്പെടുന്ന 115 ജില്ലകളിൽ അദ്ദേഹം വയനാടിനെ ഉൾപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷം ഈ ജില്ലകളുടെ വികസനത്തിനായി അദ്ദേഹം നേരിട്ട് ഇടപെട്ടിട്ടുണ്ട്. വയനാട്ടിൽ ആളോഹരി വരുമാനത്തിലും ആരോഗ്യ മേഖലയിലെ സൗകര്യങ്ങളിലും പശ്ചാത്തല വികസനത്തിലും കുറവുകളുണ്ട്. ഇടതുപക്ഷവും വലതുപക്ഷവും എന്നും വയനാടിനെ അവഗണിച്ചു. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ്. ശ്രീധരൻപിള്ള, ബി.ഡി.ജെ.എസ് നേതാക്കളായ സുഭാഷ് വാസു, സന്തോഷ് അരയാക്കണ്ടി, അഡ്വ സിനിൽ മുണ്ടപ്പള്ളി, ഷാജി ബത്തേരി, ബി.ജെ.പി നേതാക്കളായ പി.രഘുനാഥ്, സജി ശങ്കർ എന്നിവർ പങ്കെടുത്തു.