a-vijayaraghavan

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ അനിവാര്യമായിരിക്കുന്ന ഇടതുമതേതര ബദലിനെ ശക്തിപ്പെടുത്താൻ എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് കൺവീനർ എ.വിജയരാഘവൻ അഭ്യർത്ഥിച്ചു.
കോൺഗ്രസും ബി.ജെ.പിയും രാജ്യത്ത് നടപ്പാക്കുന്നത് ഒരേ നയമാണ്. അഴിമതിയിലൂടെ രാജ്യത്തെ നശിപ്പിച്ച കോൺഗ്രസിനെതിരെ അധികാരത്തിൽ വന്ന ബി.ജെ.പി മതനിരപേക്ഷതയെ തകർക്കാനും ഭരണഘടനാ മൂല്യങ്ങളെ കടന്നാക്രമിക്കാനുമാണ് ശ്രമിച്ചത്. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിനെ കടത്തിവെട്ടിയതിന് തെളിവാണ് റഫേൽ വിമാന ഇടപാട്. മോദി സർക്കാരും സംഘപരിവാറും ഉയർത്തിയ വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കാൻ കോൺഗ്രസും തയ്യാറായില്ല.
ബി.ജെ.പിയും കോൺഗ്രസും മുഖ്യശത്രുവായി കേരളത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത് ഇടതുപക്ഷത്തെയാണ്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നയങ്ങളും നിലപാടും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതാണ്. കേരളത്തിനെതിരെ നുണപ്രചരണം നടത്തുന്ന നരേന്ദ്രമോദിക്ക് മറുപടി നൽകാൻ ജനങ്ങൾ തയാറാകണം. മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സാമ്പത്തിക സ്വാതന്ത്ര്യവും സംരക്ഷിക്കാൻ കേന്ദ്രത്തിൽ ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള സർക്കാർ വരണം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അക്രമം നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകാൻ എൽ.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും വിജയരാഘവൻ അഭ്യർത്ഥിച്ചു.