ന്യൂഡൽഹി : ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിന് രണ്ടാമതും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. സ്വകാര്യ ടി.വി ചാനലിന‌് നൽകിയ അഭിമുഖത്തിലാണ് ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ യാതൊരു ഖേദവുമില്ലെന്ന് അവർ പറഞ്ഞത്. ‘ബാബറി മസ്ജിദ് തകർത്തവരുടെ കൂടെയാണ് ഞാൻ. ഈ തീരുമാനത്തിൽ അഭിമാനിക്കുന്നു. അവിടെ ഒരു രാമക്ഷേത്രം നിർമിക്കുമെന്ന് നമ്മൾ ഉറപ്പാക്കണം"- സാധ്വി പറഞ്ഞു.
പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നോട്ടീസ് ലഭിച്ചശേഷവും സാധ്വി പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതു മുതൽ വിവാദമുണ്ടാക്കുന്ന പ്രസ്താവനകളാണ് സാധ്വി നടത്തുന്നത്. മുംബയ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഭീകരവിരുദ്ധ സ്‌ക്വാഡ് തലവൻ ഹേമന്ദ് കർക്കറെയെ അപമാനിച്ചുള്ള സാധ്വിയുടെ പ്രസ്താവന വിവാദമായിരുന്നു. ആറ് പേർ കൊല്ലപ്പെട്ട 2006 ലെ മാലേഗാവ് സ്‌ഫോടനക്കേസിൽ യു.എ.പി.എ നിയമപ്രകാരം പ്രതിയാണ് സാധ്വി. അതിനിടെ ജാമ്യത്തിലുള്ള സാധ്വിയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത് സ്‌ഫോടനത്തിൽ മരിച്ച ഒരാളുടെ പിതാവ് കോടതിയെ സമീപിച്ചിട്ടുണ്ട്.