election-2019

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധുവിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്.

പ്രാഥമിക പരിശോധനയിൽ സിദ്ധു ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായും രാഷ്ട്രീയ നേട്ടങ്ങൾക്ക് മതപരമായ പരാമർശങ്ങൾ നടത്തരുതെന്ന സുപ്രീംകോടതി നിർദ്ദേശത്തിനെതിരാണ് സിദ്ധുവിന്റെ പ്രസ്താവനയെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് സിദ്ധുവിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബീഹാറിലെ കതിഹാർ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ സിദ്ധുവിന്റെ പേരിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.