ഫിറോസാബാദ് : സമാജ്‌വാദി പ്രവർത്തകരെ അച്ചടക്കം പഠിപ്പിക്കാനുള്ള ബി.എസ്.പി അദ്ധ്യക്ഷ മായാവതിയുടെ ശ്രമം വിനയായി. ബി.ജെ.പിക്കെതിരെ ഉത്തർപ്രദേശിൽ പടുത്തുയർത്തിയ മഹാസഖ്യത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങി.
ഫിറോസാബാദിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ താൻ പ്രസംഗിക്കുന്നതിനിടെ സമാജ്‌വാദി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതാണ് മായാവതിയെ ചൊടിപ്പിച്ചത്.
'നിങ്ങൾ പ്രസംഗത്തിനിടെ ശബ്ദമുണ്ടാക്കുന്നു. സമാജ്‌വാദി പാർട്ടി പ്രവർത്തകർ ബി.എസ്.പി പ്രവർത്തകരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.' - മായാവതിയുടെ ഈ വാക്കുകളാണ് വിവാദത്തിനിടയാക്കിയത്.
ബി.എസ്.പിയെയും എസ്.പിയെയും കൂടാതെ അജിത് സിംഗിന്റെ ആർ.എൽ.ഡിയും മഹാസഖ്യത്തിലുണ്ട്. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ സംഘടിപ്പിക്കുന്നതാണ് അഭിപ്രായ സർവേകളെന്നും മായാവതി പറഞ്ഞു.
മാദ്ധ്യമങ്ങളെ ഉപയോഗിച്ച് പാർട്ടികൾ തങ്ങൾക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമാണ് സർവേകൾ. വോട്ടർമാർ ഇത് കണ്ട് വഴിതെറ്റരുതെന്നും മായാവതി പറഞ്ഞു. 24 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം മായാവതിയും മുലായം സിംഗ് യാദവും വേദി പങ്കിട്ടിരുന്നു.