ദൈനംദിന ജീവിതത്തിൽ പല ആവശ്യങ്ങൾക്കും നമ്മൾ പാസ്‌വേഡുകൾ ഉപയോഗിക്കുന്നുണ്ട്. അവ സുരക്ഷിതവും രഹസ്യവുമാക്കി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. എന്നാൽ, ലോകത്ത് കോടിക്കണക്കിന് ആളുകൾ ഇപ്പോഴും എളുപ്പത്തിൽ ഊഹിക്കാവുന്ന സംഖ്യകളും വാക്കുകളുമാണ് പാസ്‌വേഡ് ആയി ഉപയോഗിക്കുന്നതെന്ന് ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്രി സെന്റർ നടത്തിയ പഠനം സൂചിപ്പിക്കുന്നു.
'123456" ആണ് ലോകത്ത് ഏറ്റവുമധികം പേരുടെയും പാസ്‌വേഡ്. ഇ-മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവയ്‌ക്കെല്ലാം ഈ പാസ്‌വേഡ് പലരും ഉപയോഗിക്കുന്നു. '123456789" ആണ് രണ്ടാംസ്ഥാനത്തുള്ള പാസ്‌വേഡ്. 'QWERTY" മൂന്നാമതും 'PASSWORD" നാലാമതും '111111" അഞ്ചാമതുമാണ്.
ആഷ്‌ലി, മൈക്കിൾ, ഡാനിയേൽ, ജെസീക്ക, ചാർലി എന്നീ പേരുകളും ആഗോള തലത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പാസ്‌വേഡുകളാണ്. ഇംഗ്ളീഷ് പ്രീമിയർ ലീഗ് ടീമുകളായ ലിവർപൂൾ, ചെൽസീ, അമേരിക്കൻ റോക്ക് ബാൻഡായ ബ്ളിങ്ക് 182 എന്നിവയും പാസ്‌വേഡുകളായി വൻതോതിൽ ഉപയോഗിക്കപ്പെടുന്നു. ജനങ്ങൾ ഇത്തരത്തിൽ എളുപ്പം കണ്ടുപിടിക്കാവുന്ന വാക്കുകളും സംഖ്യകളും പാസ്‌വേഡ് ആക്കുന്നത് വൻതോതിൽ രഹസ്യങ്ങൾ ചോരാൻ ഇടവരുത്തുന്നുണ്ടെന്ന് നാഷണൽ സൈബർ സെക്യൂരിറ്രി സെന്റർ ടെക്‌നിക്കൽ ഡയറക്‌ടർ ഇയാൻ ലേവി പറഞ്ഞു.