ന്യൂഡൽഹി: ആകെ ഏഴു ഘട്ടങ്ങളിലായി പൂർത്തിയാകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രക്രിയയുടെ മൂന്നാംഘട്ടമായ നാളെ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 115 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. കേരളത്തിലെ ഇരുപത് സീറ്റിനു പുറമെ, ഗുജറാത്ത്, ഗോവ, ദാദ്ര- നഗർഹവേലി, ഡാമൻ ഡിയു എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് നാളെ ഒറ്റഘട്ടമായി പൂർത്തിയാകും.
മൂന്നാം ഘട്ടത്തിൽ പോളിംഗ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളും മണ്ഡലങ്ങളുടെ എണ്ണവും ഇങ്ങനെ: കർണാടകത്തിലെയും മഹാരാഷ്‌ട്രയിലെയും 14 സീറ്റുകൾ വീതം, ഉത്തർപ്രദേശിലെ 10 സീറ്റ്, ഛത്തിസ്ഗഢിലെ ഏഴു സീറ്റ്, ഒഡിഷയിലെ ആറു സീറ്റ്, ബംഗാളിലെയും ബീഹാറിലെയും അഞ്ചു സീറ്റുകൾ വീതം, അസമിലെ നാലു സീറ്റ്, ജമ്മു കശ്‌മീരിലെ ഒരു സീറ്റ്. നാലാം ഘട്ട പോളിംഗ് ഏപ്രിൽ 29-ന് നടക്കും.
കേരളം, ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷമാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലായി ആകെ 227 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. ഇതിൽ വനിതാ സ്ഥാനാർത്ഥികൾ 23 പേർ. വോട്ടർമാരിൽ ഭിന്നലിംഗക്കാർ 174 പേരുണ്ടെങ്കിലും സ്ഥാനാർത്ഥികളിൽ ട്രാൻസ്ജെൻഡേഴ്സ് ഇല്ല.
ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്- 31,36,191 പേർ. ഏറ്റവും കുറവ് വയനാട്ടിൽ- 5,94,177. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കന്നി വോട്ടർമാരുടെ എണ്ണം 2,88,191 ആണ്. ഇവരുടെ വോട്ട് ഇത്തവണത്തെ വിധിയെഴുത്തിൽ നിർണായകമാകും. പുതുവോട്ടർമാരുടെ മനശ്ശാസ്ത്രം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രധാന മുന്നണികൾ മൂന്നും.
സംസ്ഥാനത്തെ 24,970 പോളിംഗ് ബൂത്തുകളിലായാണ് 2.61 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മലപ്പുറം മണ്ഡലത്തിൽത്തന്നെയാണ് കൂടുതൽ പോളിംഗ് ബൂത്തുകളും- 2750. വയനാട്ടിൽ ആകെ 575 ബൂത്തുകൾ മാത്രം. 5,94,177 വോട്ടർമാരുമായി വയനാട് ആണ് വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും താഴെ.
വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ വെബ് കാസ്റ്റിംഗ് കേരളത്തിൽ 3621 ബൂത്തുകളിലാണ്. 20 മണ്ഡലങ്ങളിലുമായി സംസ്ഥാനത്ത് 24,970 വിവിപാറ്റ് മെഷീനുകൾ ഉപയോഗിക്കും. ഓരോ ലോക്‌സഭാ മണ്ഡലത്തിലും, ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിൽ വീതം വിവിപാറ്റ് എണ്ണണമെന്ന് സുപ്രീംകോടതി വിധിയുള്ളതിനാൽ വോട്ടെണ്ണൽ ദിവസം ഫലമറിയാൻ നേരത്തേ കരുതിയിരുന്നതിലും രണ്ടു മണിക്കൂർ വരെ അധികം വേണ്ടിവരുമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ തന്നെ പറയുന്നത്.
വോട്ടടെപ്പു ദിവസം തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ളത് ആകെ 1,01,140 ജീവനക്കാരാണ്. ഇവരിൽ സെക്‌ടറൽ ഓഫീസർമാരായി 1670 പേരും, പ്രിസൈഡിംഗ് ഓഫീസർമാരായി 33,710 പേരുമുണ്ടാകും. വോട്ടെടുപ്പു കഴിഞ്ഞ് വോട്ടെണ്ണൽ ദിവസം വരെയുള്ള ഒരു മാസത്തോളം ബാലറ്റ് മെഷീനുകൾ 257 സ്ട്രോംഗ് റൂമുകളിലായാണ് സൂക്ഷിക്കുക. സായുധരായ സി.ആർ.പി.എഫ് ഭടന്മാർ കാവിൽ നിൽക്കുന്ന ഈ സ്ട്രോംഗ്റൂമുകളിലേക്ക് വോട്ടെണ്ണലിനായി ബാലറ്റ് മെഷീനുകൾ പുറത്തെടുക്കുന്നതു വരെ ആർക്കും പ്രവേശനമുണ്ടാകില്ല. വോട്ടെണ്ണലിനു നേതൃത്വം നൽകുന്നത് 2310 കൗണ്ടിംഗ് സൂപ്പർവൈസർമാരായിരിക്കും.
ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വീട്ടിൽ നിന്ന് പോളിംഗ് ബൂത്തിലേക്കു പോകാനും, ശേഷം വീട്ടിലേക്കു മടങ്ങാനും തിരഞ്ഞെടുപ്പു കമ്മിഷൻ തന്നെ വാഹനസൗകര്യം നൽകുമെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഒരു സവിശേഷത. ഇതിന് സർക്കാർ വാഹനങ്ങളും വാടകയ്‌ക്കു വിളിക്കുന്ന വാഹനങ്ങളുമായിരിക്കും ഉപയോഗിക്കുക. സംസ്ഥാനത്താകെ, 1,35,357 വോട്ടർമാർ ഭിന്നശേഷിക്കാരാണെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്.
കാഴ്‌ചശേഷി തീരെയില്ലാത്തവർക്കായി ബാലറ്റ് പേപ്പർ ബ്രെയിൽ ലിപിയിൽ ഒരുക്കി, തിരുവനന്തപുരം മണ്ഡലം ഇത്തവണ ഇത്തരത്തിലെ ആദ്യ പരീക്ഷണം നടത്തുന്നു. കാഴ്‌ചശേഷി കുറഞ്ഞവരെ സഹായിക്കാൻ ബൂത്തുകളിൽ എൻ.സി.സി- സ്‌കൗട്ട് വിഭാഗങ്ങളിലെ സന്നദ്ധ പ്രവർത്തകരുണ്ടാകും.