srilankan-bomb-blast-

കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ മൂന്നുപള്ളികളിലുൾപ്പെടെ നടന്ന വിവിധ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. തലസ്ഥാനമായ കൊളംബോയിൽ മൂന്ന് പള്ളികളിലുൾപ്പെടെ ആറിടത്തും മറ്റു രണ്ടുസ്ഥലങ്ങളിലുമാണ് സ്ഫോടനങ്ങൾ ഉണ്ടായത്. 450ൽകൂടുതൽ പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഏഴ് പേർ പൊലീസ് പിടിയിലായതായും റിപ്പോർട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ കാസർകോഡ് മെഗ്രാൽപുത്തൂർ സ്വദേശി പി.എസ്.റസീനയും ഉൾപ്പെടുന്നു (58) കൊല്ലപ്പെട്ടത്. ഭർത്താവുമായി ശ്രീലങ്കയിലെത്തിയ റസീന ഷംഗ്രീല ഹോട്ടലിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്‌ത് പുറത്തേക്കിറങ്ങുമ്പോൾ ആയിരുന്നു ആക്രമണം. ദുബായിൽ താമസിക്കുന്ന ഇവർ കൊളംബോയിലുള്ള ബന്ധുക്കളെ കാണാനാണ് ഇവിടെയെത്തിയത്.

കൊളംബോ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിൽ ഉണ്ടായ സ്പോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന് ശേഷം മൃഗശാല അടച്ചിട്ടു. എട്ടാമത്തെ സ്ഫോടനം പാർപ്പിട സമുച്ചയത്തിലായിരുന്നു. ഇത് ചാവേർ സ്ഫോടനമായിരുന്നെന്നും റിപ്പോർട്ടുണ്ട്.

സർക്കാർ ഞായറാഴ്ച വൈകീട്ട് ആറ് മുതൽ തിങ്കളാഴ്ച പുലർച്ചെ ആറ് വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. സോഷ്യൽ മീഡിയയ്ക്ക് താത്കാലികമായി നിരോധനം ഏർപ്പെടുത്തി.

മൂന്ന് ക്രിസ്ത്യൻ പള്ളികളിലടക്കം ആറിടങ്ങളിലാണ് പ്രാദേശിക സമയം 8.45 ഓടെ സ്ഫോടനം നടന്നത്. ഈ സ്ഫോടനങ്ങളിൽ 35 വിദേശികളടക്കം 185 പേർമരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും നേരത്തെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്ഫോടന സമയത്ത് പള്ളികളിലെല്ലാം ഈസ്റ്റർ ദിന പ്രാർത്ഥനകൾ നടക്കുകയായിരുന്നു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻചര്‍ച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്പോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്.