ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രിയുമായിരുന്ന എൻ.ഡി. തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരി ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് രോഹിതിന്റെ ഭാര്യ അപൂർവയെ ഡൽഹി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ദക്ഷിണഡൽഹിയിലെ ഡിഫൻസ് കോളനിയിലുള്ള രോഹിതിന്റെ വീട്ടിൽ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ. വീട്ടിൽത്തന്നെയുള്ളയാളാവാം കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് രോഹിതിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ വെള്ളിയാഴ്ച പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ശ്വാസംമുട്ടിയാണ് രോഹിത് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അസ്വസ്ഥനായാണ് രോഹിത് തിങ്കളാഴ്ച വീട്ടിലേക്ക് വന്നതെന്ന് ജോലിക്കാർ മൊഴി നൽകി. തുടർന്ന് ചൊവ്വാഴ്ച വൈകിട്ടുവരെ ഉറങ്ങിയ രോഹിതിനെ ആരും ഉണർത്താൻ ശ്രമിച്ചില്ല. ചൊവ്വാഴ്ച വൈകിട്ട് നാലിന് മൂക്കിൽനിന്ന് രക്തമൊലിച്ച് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാര്യയ്ക്കെതിരെ രോഹിതിന്റെ അമ്മ
അതേസമയം, ഭാര്യ അപൂർവയും രോഹിതും തമ്മിൽ തുടക്കംമുതലേ പൊരുത്തക്കേടുണ്ടായിരുന്നെന്നും രാഷ്ട്രീയത്തിൽ പച്ചപിടിക്കാനാവാത്തത് രോഹിതിനെ മാനസികമായി തളർത്തിയിരുന്നെന്നും അമ്മ ഉജ്ജ്വല മൊഴിനൽകി. ചൊവ്വാഴ്ച വൈകിട്ട് നാലുവരെ ഉറങ്ങുകയാണെന്നുകണ്ടിട്ടും ആരും രോഹിതിനെ വിളിച്ചുണർത്താഞ്ഞത് എന്തുകൊണ്ടെന്നാണ് ഉജ്ജ്വലയുടെ ചോദ്യം.
അച്ഛൻ എൻ.ഡി. തിവാരിയെ സംസ്‌കരിച്ച സ്ഥലം അടുത്തിടെ രോഹിത് സന്ദർശിച്ചിരുന്നു. ഏപ്രിൽ 11ന് അമ്മയും മകനും നൈനിത്താളിലെ ഹൽദ്വാനിയിലെത്തി വോട്ടുചെയ്തിരുന്നു. 15ന് ഇരുവരും ഒരുമിച്ച് ഡൽഹിയിലെത്തി. മകൻ നേരത്തേ വീട്ടിലേക്കുപോയി. ഉജ്ജ്വല വൈകിട്ടാണ് വീട്ടിലെത്തിയത്. മകനെക്കുറിച്ച് ചോദിച്ചപ്പോൾ ക്ഷീണംകാരണം ഭക്ഷണം കഴിച്ച് ഉറങ്ങിയെന്നാണ് അപൂർവ പറഞ്ഞതെന്ന് ഉജ്ജ്വല പറഞ്ഞു. അടുത്തിടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഹിതിന് വിശ്രമം ആവശ്യമുണ്ടെന്നും അപൂർവ പറഞ്ഞു. രോഹിത് മദ്യപിച്ചെന്ന് പലരും പറയുന്നു. എന്നാൽ, അതിന്റെ ലക്ഷണമൊന്നും തന്റെ ശ്രദ്ധയിൽപ്പെട്ടില്ല. “തിങ്കളാഴ്ച രാത്രി 11.30ന് തിലക് ലെയിനിലേക്ക് പോയ ഞാൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരിച്ചെത്തിയത്. പക്ഷേ, മകനെ കണ്ടില്ല. കാലിൽ വേദനയുള്ളതിനാൽ അപ്പോൾത്തന്നെ ഞാൻ ആശുപത്രിയിലേക്കും പോയി. അപ്പോഴും അപൂർവയോട് ചോദിച്ചു. രോഹിത് ഉറങ്ങുകയായതിനാൽ ശല്യപ്പെടുത്തേണ്ടെന്നാണ് അവൾ പറഞ്ഞത്. ഞാനത് വിശ്വസിച്ചുപോയി. വൈകിട്ട് നാലരയ്ക്ക് ആശുപത്രിയിൽ വച്ചാണ് മരണവിവരം അറിയുന്നത്”-ഉജ്ജ്വല പറഞ്ഞു