pinarayi-vijayan

കണ്ണൂർ: ശബരിമലയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ കേന്ദ്രം നിർദേശിച്ചതിന്റെ തെളിവ് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ വാർത്താസമ്മേളനത്തിലാണ് സംഭവം അരങ്ങേറുന്നത്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നരേന്ദ്രമോദിയാണ് ‌ഞാനെന്ന് വിചാരിച്ച് ചോദിക്കുന്ന ചോദ്യമാണിതെന്നും ഞാൻ കള്ളം പറയാറില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി തെളിവുകൾ നിരത്തുകയായിരുന്നു.

കേന്ദ്രം ശബരിമലയിൽ 144 പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടതിന് തെളിവുണ്ടോ എന്ന ചോദ്യത്തിനാണ് പിണറായി മറുപടി പറഞ്ഞത്. 'നരേന്ദ്രമോദിയാണ് ഞാൻ എന്ന് വിചാരിച്ച് ചോദിക്കുന്ന ചോദ്യമാണ് അത്. ഞാൻ കളവുപറയാറില്ല സാധാരണ. ഉള്ള കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. തെളിവ് ഉണ്ടോ എന്ന് നിങ്ങൾ ചിലപ്പോൾ ചോദിച്ചാലോ എന്ന് കരുതി ആ കടലാസും എടുത്താണ് ഞാൻ ഇവിടെ വന്നത്. അതിന്റെ നമ്പർ പറയാം 11034/01/2018 ഐ.എസ് ഐ.ബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷൻ'. മുഖ്യമന്ത്രി പറഞ്ഞു.

തുടർന്ന് 144 പ്രഖ്യാപിക്കാൻ കേന്ദ്രം അറിയിച്ച സർക്കുലറിന്റെ ആദ്യവാചകങ്ങൾ പിണറായി വാർത്താസമ്മേളനത്തിൽ വായിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രി ആയത് കൊണ്ട് സുപ്രിം കോടതിയുടെ വിധിക്കെതിരെ സംസാരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള കേന്ദ്ര ഗവർമെന്റിന് ഇതേ നിലപാടേ എടുക്കാൻ പറ്റൂ. അതുതന്നെയാണ് ഇവിടെ സംസ്ഥാന സർക്കാരും എടുത്തിട്ടുള്ളതും മുഖ്യമന്ത്രി വിശദീകരിച്ചു.