ഹൂബ്ലി: പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിൽ പങ്കുചേരാൻ താത്പര്യമില്ലെന്ന് ജെ.ഡി.എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. തന്റെ മുഴുവൻ പിന്തുണയും രാഹുലിനാണ്. മായാവതി, മമതാ ബാനർജി, ശരദ് പവാർ, ചന്ദ്രബാബു നായിഡു എന്നിവർ പ്രധാനമന്ത്രി പദം വഹിക്കാൻ യോഗ്യർ തന്നെ. എങ്കിലും തന്റെ പാർട്ടി രാഹുലിനെയാണ് പിന്തുണയ്‌ക്കുന്നതെന്നും ദേവഗൗഡ പറഞ്ഞു.
ഇതെന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടമാണ്. അടുത്ത തവണ മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല.പാർട്ടി നേതാക്കന്മാരുടെ നിർബന്ധം കാരണമാണ് ഇത്തവണ മത്സരിക്കാൻ തീരുമാനിച്ചത്. എന്റെ രാഷ്ട്രീയ എതിരാളികളെല്ലാം സ്വർഗ്ഗം പൂകിക്കഴിഞ്ഞു. ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു- അതൊരു ദൈവാനുഗ്രഹമാണ്- ഗൗഡ പറഞ്ഞു.
വടക്കൻ കർണ്ണാടകയെ ഞാനൊരിക്കലും അവഗണിച്ചിട്ടില്ല. അൽമാട്ടി ഡാമിന്റെ നിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് നൽകിയിട്ടുണ്ട്. കൃഷ്ണ നദീതടത്തിൽ നിരവധി ജലസേചന പദ്ധതികൾ തുടങ്ങി. എന്നിട്ടും, ഞാൻ വികസന പ്രവർത്തനങ്ങളിൽ വേർതിരിവു കാണിച്ചെന്നാണ് അവിടത്തെ പ്രദേശിക നേതാക്കന്മാർ പറയുന്നത്. സത്യം ജനങ്ങൾ തിരിച്ചറിയും- തുംകൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ദേവഗൗഡയ്‌ക്ക് എൺപത്തിയഞ്ചാം വയസ്സിലും തികഞ്ഞ് ആത്മവിശ്വാസം.