election

തിരുവനന്തപുരം: സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ എൽ.‌ഡി.എഫും യു.ഡി.എഫും തമ്മിൽ വിവിധയിടങ്ങളിൽ സംഘർഷം. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് സഞ്ചരിച്ച് വാഹനവ്യൂഹത്തിന് നേരെയും കല്ളേറ്. പരിക്കേറ്റ രമ്യ ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. കഴക്കൂട്ടത്ത് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ വാഹനത്തിനു നേർക്ക് ചെരിപ്പേറുണ്ടായതായി ബി.ജെ.പി ആരോപിക്കുന്നു.

ഇതേസമയം പത്തനംതിട്ടയിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലും കല്ലേറുണ്ടായി. തിരുവന്തപുരത്ത് വേളിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ റോഡ് ഷോ ഇടതു മുന്നണി പ്രവർത്തകർ തടഞ്ഞു. ഇതിനെ തുടർന്നാണ് ആന്റണിയും സംഘവും നടന്നാണ് പ്രചരണ സ്ഥലത്തെത്തിയത്. സംഭവത്തെ സി.പി.എമ്മിന്റെ ഗുണ്ടായിസമെന്നാണ് ആന്റണി വിശേപ്പിച്ചത്.

പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞതായും ആരോപിക്കുന്നു. എറണാകുളം പാലാരിവട്ടത്ത് സി.പി.എം-എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി. പൊന്നാനിയിൽ എൽ.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം നടന്നു.