കോട്ടയം: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപനദിവസം യു.ഡി.എഫ് സ്ഥാനാർത്ഥികളുടെയും പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യഹരിദാസ്, അനിൽ അക്കര എം.എൽ.എ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കും യു.ഡി.എഫ് പ്രവർത്തകർക്കുമെതിരെ നടന്ന ആക്രമണങ്ങൾക്കെതിരെയാണ് ഉമ്മൻചാണ്ടി രംഗത്തെത്തിയത്.
സി.പി.എമ്മും ബി.ജെ.പിയും നടത്തിയ വ്യാപകമായ ഈ അക്രമങ്ങളിലെല്ലാം പൊലീസ് കാഴ്ചക്കാരായി നില്ക്കുകയാണു ചെയ്തതെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണിയും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും നടത്തിയ റോഡ് ഷോ വരെ തടഞ്ഞു. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയും വ്യാപകമായ രീതിയിൽ അക്രമം അഴിച്ചുവിട്ടിട്ടില്ല. പരാജയഭീതി മാത്രമാണ് അക്രമങ്ങളുടെ പിന്നിൽ. ഇതുകൊണ്ടൊന്നും യു.ഡി.എഫ് പ്രവർത്തകരെ നിർവീര്യമാക്കാൻ ആർക്കും സാധിക്കില്ല.
അക്രമരാഷ്ട്രീയത്തിനും വിഭജന രാഷ്ട്രീയത്തിനും കനത്ത തിരിച്ചടി നല്കണമെന്നും ഉമ്മൻചാണ്ടി ആഹ്വാനം ചെയ്തു.