കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം കടന്നിട്ടും സമ്മർദ്ദമൊന്നുമില്ലാതെ ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞവർഷം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ തുടർച്ചയായി ഏറെനാൾ പെട്രോൾ, ഡീസൽ വിലയിൽ മാറ്രം വരുത്താതിരുന്ന എണ്ണക്കമ്പനികൾ ഇപ്പോൾ തടസമില്ലാതെ വില കൂട്ടുകയാണ്. 2019ൽ ഇതുവരെ പെട്രോൾ വില ലിറ്രറിന് 4.46 രൂപയാണ് (തിരുവനന്തപുരം) കൂടിയത്. ഡീസലിന് 3.93 രൂപയും കൂടി.
വോട്ടെടുപ്പിന് തുടക്കമായ ഈമാസവും പെട്രോളിനും ഡീസലിനും ഒരു രൂപയ്‌ക്കടുത്ത് കൂടി. പെട്രോളിന് 76.28 രൂപയും ഡീസലിന് 71.34 രൂപയുമാണ് ഇപ്പോൾ തിരുവനന്തപുരം വില. ഈ വർഷത്തിന്റെ തുടക്കത്തിൽ വില പെട്രോളിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമായിരുന്നു. പെട്രോളിന് ഇന്ത്യയിൽ ഏറ്റവും ഉയർന്ന വില മുംബയിലാണ്; ലിറ്ററിന് 78.57 രൂപ. ഡീസലിന് ഉയർന്ന വില ഹൈദരാബാദിൽ; 72.14 രൂപ. ഏപ്രിൽ 11 മുതൽ മേയ് 19 വരെയായി ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. മേയ് 23ന് ഫലം അറിയാം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പൊതുമേഖലാ എണ്ണ വിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) എന്നിവ തുടർച്ചയായി 19 ദിവസമാണ് പെട്രോൾ, ഡീസൽ വില പരിഷ്‌കരിക്കാതിരുന്നത്. അതിനുമുമ്പ് നടന്ന തിരഞ്ഞെടുപ്പ് വേളകളിലും എണ്ണക്കമ്പനികൾ ഇത്തരത്തിൽ വില കൂട്ടുന്നത് ഒഴിവാക്കിയിട്ടുണ്ട്.
പഞ്ചാബ്, ഗോവ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന 2017ൽ ജനുവരി 16 മുതൽ ഏപ്രിൽ ഒന്നുവരെയാണ് ഇന്ധനവില കൂട്ടാതെ എണ്ണക്കമ്പനികൾ പിടിച്ചുനിന്നത്. രാജ്യാന്തര ക്രൂഡോയിൽ വില കുതിച്ചിട്ടും ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞ് ഇറക്കുമതി ചെലവേറിയിട്ടും അന്ന് ഇന്ധനവില കൂട്ടിയില്ല. അന്ന്, കേന്ദ്രസർക്കാരിൽ നിന്നുയർന്ന സമ്മർദ്ദമാണ് വില കൂട്ടുന്നതിൽ നിന്ന് എണ്ണക്കമ്പനികളെ തടഞ്ഞത്. നിലവിൽ, സർക്കാരിൽ നിന്ന് ഇത്തരത്തിൽ സമ്മർദ്ദമില്ല. തിരഞ്ഞെടുപ്പിൽ ഇന്ധനവില പ്രസക്തമായ ചർച്ചാവിഷയമല്ലെന്ന നേട്ടവും സർക്കാരിനുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജ്യാന്തര ക്രൂഡോയിൽ വില (ബ്രെന്റ്) ബാരലിന് 75 ഡോളറായിരുന്നു. അന്ന്, പെട്രോൾ വില 78.61 രൂപയും ഡീസലിന് 71.52 രൂപയുമായിരുന്നു. ഇപ്പോൾ ക്രൂഡ് വില 72 ഡോളറാണ്.