കൊളംബോ: 'രാവിലെ 8.45 ആയിട്ടുണ്ടാകും. ഈസ്റ്റർ പ്രാർത്ഥന നടക്കുകയായിരുന്നു. പെട്ടെന്നാണ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. നിരവധി ആളുകൾ ഉറക്ക നിലവിളിച്ചുകൊണ്ട് പാഞ്ഞോടുന്നു. ഞങ്ങൾ പള്ളിയിലേക്ക് ഓടിച്ചെന്നു. ചോരക്കളമായിരുന്നു അവിടെ കണ്ടത്. ചുമരുകളിൽ ചോരയും മാംസക്കഷണങ്ങളും ചിതറിത്തെറിച്ചിരുന്നു. പള്ളിക്കുള്ളിലെ ബെഞ്ചുകളിൽ ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട് ചോരയിൽ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങൾ... പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് ഞങ്ങൾ അവ മറച്ചുവച്ചു. 500- 600 പേരെങ്കിലും പള്ളിയിലുണ്ടായിരുന്നിരിക്കാം' - സ്‌ഫോടനത്തിന് ശേഷമുള്ള അനുഭവം വിവരിക്കുമ്പോൾ കമലിന്റെ മുഖത്ത് ഭയം തളംകെട്ടി നിന്നു. ചരിത്രപ്രാധാന്യമുള്ള കത്തുവപിടിയയിലുള്ള സെന്റ് സെബാസ്റ്റ്യൻ ചർച്ചിലായിരുന്നു ആക്രമണം. തുറമുഖ നഗരമായ നെഗൊംബോയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. കത്തോലിക്കാ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള സ്ഥലമാണ് ഇത്.
കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച്, ബാട്ടിക്കലോവയിലെ സിയോൺ ചർച്ച് എന്നിവയാണ് സ്ഫോടനം നടന്ന മറ്റ് പള്ളികൾ. കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
നെഗൊംബോ നഗരത്തിന്റെ പാലകപുണ്യവാളൻ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവർത്തിക്കുന്നതായി നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ ഖ്യാതി കേട്ടതാണു സിയോർ ചർച്ച്. സ്ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്തുള്ളതാണ്. ഇവിടത്തെ ജനസംഖ്യയിൽ 64 ശതമാനവും കത്തോലിക്കരാണെന്നും ബി.ബി.സി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ട വിദേശികളിൽ ഭൂരിഭാഗവും കത്തോലിക്കരും അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലുള്ളവരുമാണ്. ഉയിർപ്പിന്റെ ദിനത്തിൽ രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പര ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുകൊണ്ടാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആക്രമണം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് അധികൃതർ കരുതുന്നത്. അതേസമയം സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഭയന്നു വിറച്ച് ശ്രീലങ്ക
പീഡനപർവം താണ്ടി കുരിശിൽ തറയ്ക്കപ്പെട്ട ക്രിസ്തു, ഉയിർത്തെഴുന്നേൽക്കുന്ന വിശുദ്ധ ദിനത്തിൽ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടന പരമ്പരയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ശ്രീലങ്ക. സമാധാനപരമായി കടന്നുപോകേണ്ട ഒരു ഈസ്റ്റർ ദിനമാണ് ചോരയിൽ മുക്കിയിരിക്കുന്നത്.
2009ൽ തമിഴ് പുലികളെ അടിച്ചമർത്തിയതിന് ശേഷം ശ്രീലങ്ക ഒരു പതിറ്റാണ്ടായി ഭീകരമായ ആക്രമണങ്ങൾക്ക് വേദിയായിരുന്നില്ല. സ്‌ഫോടന പരമ്പര ആരെ ഉദ്ദേശിച്ചാണെന്നോ എന്തിനുവേണ്ടിയാണെന്നോ വ്യക്തമല്ല. അതിനാൽ ഇനിയും ആക്രമണമുണ്ടാകുമെന്നാണ് ശ്രീലങ്കൻ ജനത ഭയക്കുന്നത്.
സുരക്ഷ കർശനമാക്കി
സ്‌ഫോടന പരമ്പരകളെ തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം സുരക്ഷ കർശനമാക്കി. സ്‌കൂളുകൾക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു. ശ്രീലങ്കൻ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. രാജ്യത്ത് വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി. വിവിധ മാദ്ധ്യമങ്ങളുടെ തലവന്മാരുമായി വിദേശകാര്യ മന്ത്രാലയം കൂടിക്കാഴ്ച നടത്തി. സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്നതിനാൽ റിപ്പോർട്ടിംഗിൽ മിതത്വം പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ശ്രീലങ്കയുടെ ചരിത്രത്തിലെ കറുത്ത ദിനം
ആഭ്യന്തര യുദ്ധങ്ങളുടെ ഇരുണ്ട കാലത്തിലേക്ക് വീണ്ടും ശ്രീലങ്കയെ വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ധനമന്ത്രി മംഗള സമരവീര പറഞ്ഞു. രാജ്യത്ത് മതത്തിന്റെയും വംശത്തിന്റെയും പേരിൽ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് ബോംബാക്രമണങ്ങൾ. 30 വർഷത്തോളം രാജ്യത്തെ തച്ചുതകർത്ത യുദ്ധത്തിൽ നിന്നു സാമ്പത്തികമായും സാമൂഹ്യപരമായും ശ്രീലങ്ക കരകയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ.
രാജ്യത്തെ പിന്നോട്ടടിക്കുകയെന്നതാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യം. രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാൻ ഒത്തുചേർന്ന് നടത്തിയ കുത്സിത ശ്രമങ്ങളുടെ ഭാഗമാണ് സ്‌ഫോടനങ്ങളെന്നും സമരവീര വ്യക്തമാക്കി. അക്രമസംഭവങ്ങൾക്കു സാദ്ധ്യതയുള്ളതിനാൽ സംയമനം പാലിക്കാൻ വിവിധ മതാചാര്യന്മാർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈസ്റ്ററെന്ന വിശുദ്ധദിനത്തിൽ ഇത്തരമൊരു ആക്രമണം നടത്തിയത് ആരായാലും ഹീനമായ പ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്സെ പറഞ്ഞു. ശ്രീലങ്കയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഏപ്രിൽ 21 എന്നും അദ്ദേഹം പറഞ്ഞു.
സഹായംതേടി ഫേസ്ബുക്ക് പോസ്റ്റ്
നെഗൊംബോയിലെ കത്തുവാപിടിയയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പ്രാർത്ഥനകൾക്കിടെ സ്ഫോടനം നടന്നപ്പോൾ സഹായം തേടി പള്ളി അധികൃതർ ആദ്യം ആശ്രയിച്ചത് സോഷ്യൽമീഡിയയെയാണ്.
'പള്ളിയിൽ സ്‌ഫോടനം നടന്നിരിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങൾ പള്ളിയിൽ ഉണ്ടെങ്കിൽ ദയവായി വന്ന് അവരെ സഹായിക്കൂ"- ഫേസ് ബുക്കിൽ പള്ളി അധികൃതർ നൽകിയ പോസ്റ്റിൽ ആവശ്യപ്പെട്ടു.