കൊളംബോ: ഈസ്റ്റർ ദിനത്തിൽ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ചിരിച്ചുല്ലസിച്ച് ഭക്ഷണം കഴിക്കുന്ന സെൽഫിയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ സ്ഫോടനം ശബ്ദം മുഴങ്ങി. നിറചിരി തൂകിയ മുഖത്തേക്ക് ചോര തെറിച്ചു. മരണം അവരെ കവർന്നെടുത്തു.
ബ്രിട്ടനിലെ പ്രശസ്തയായ ടെലിവിഷൻ പാചക വിദഗ്ധ ശാന്താ മായാദുനെയും മകൾ നിസംഗയുമാണ് അവസാന സെൽഫിയെടുത്ത് നിമിഷങ്ങൾക്കുള്ളിൽ കൊല ചെയ്യപ്പെട്ടത്. ശ്രീലങ്കയിലെ സ്ഫോടനപരമ്പരയിൽ ആദ്യം കൊല്ലപ്പെട്ടതെന്ന് കരുതുന്നതും ഇവരാണ്. കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ ശാംഗ്രി ലാ ഹോട്ടലിൽ. 'കുടുബത്തോടൊപ്പം ഈസ്റ്റർ ബ്രേക്ക് ഫാസ്റ്റ്' എന്ന തലക്കെട്ടിലാണ് നിസംഗ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
യൂണിവേഴ്സിറ്റി ഒഫ് ലണ്ടനിൽ പഠിക്കുന്ന നിസംഗ മായാദുനിയുടെ (30) സോഷ്യൽ മീഡിയ പേജിൽ അമ്മയ്ക്കും മകൾക്കുമുള്ള ആദരാഞ്ജലികളുടെ പ്രവാഹമാണ്.
' നിസംഗ കോളേ
ജിലെ താരമായിരുന്നു. അവളുടെ അമ്മയെപ്പോലെ ശരിക്കും സ്മാർട്ട്. അമ്മയുടെ പ്രശസ്തി അവളെ കോളേജിൽ പോപ്പുലറാക്കിയിരുന്നു.' -നിസംഗയുടെ സുഹൃത്ത് രാധ ഫോൻസെകോ പറഞ്ഞു. ശ്രീലങ്കക്കാർ വളരെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഷെഫായിരുന്നു മായാദുനെ.
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ട 207 പേരിൽ 35 പേർ വിദേശികളാണെന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ്, അമേരിക്ക, ഡച്ച് എന്നിവിടങ്ങളിലെ പൗരൻമാരാണ്.