പറവൂർ: വീടിനോട് ചേർന്നുള്ള ചതുപ്പിൽ വൃദ്ധയെ കത്തിച്ച ശേഷം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ഇളയ മകൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കൻ പറവൂർ കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുവശം കുറുപ്പശ്ശേരി പരേതനായ ഷൺമുഖന്റെ ഭാര്യ കാഞ്ചനവല്ലിയുടെ (72) മൃതദേഹമാണെന്ന് പൊലീസ് സംശയിക്കുന്നു.
ഇവരെ വ്യാഴാഴ്ചയ്ക്കുശേഷം കാണാതായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം രൂക്ഷമായ ഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് കരിഞ്ഞനിലയിൽ തലയോട്ടിയും തുടയുടെ ഭാഗവും കണ്ടത്.
രണ്ടു മുറിയുള്ള ചെറിയ വീട്ടിൽ വീട്ടുപകരണങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. ഇതിനിടയിൽ മദ്യക്കുപ്പിയുമുണ്ട്. പിറകുവശത്തെ വാതിലിനുസമീപം കരിഞ്ഞഅവശിഷ്ടങ്ങളുംകണ്ടെത്തി. കെടാമംഗലം പുഴയോട് ചേർന്നുള്ള ചതുപ്പായ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊതുവെ വിജനമാണ് ഈ സ്ഥലം. വേലിയേറ്റത്തിൽ ചുതുപ്പിൽ വെള്ളം കയറിയതോടെ മൃതദേഹം പൊന്തിവന്നതാണെന്ന് കരുതുന്നു. മൃതദേഹം ചപ്പുചവറുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു..
കാഞ്ചനവല്ലിയെ സുരേഷ് വീടിനുള്ളിലിട്ട് കൊലപ്പെടുത്തിയ ശേഷം കത്തിച്ച് കുഴിച്ച് മൂടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. വൈദ്യുതി ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്നുള്ള കോഴിഫാമിലെ ജീവനക്കാരൻ രാത്രിയിൽ വീട്ടിൽ തീപുകയുന്നത് കണ്ടിരുന്നു.
ഇയാൾ ടോർച്ച് അടിച്ചു നോക്കുന്നതിനിടെ തീയണഞ്ഞു. അതിനാൽ കുടുതൽ അന്വേഷിച്ചില്ല. അന്ന് രാത്രി സമീപത്തെ വീട്ടിലെ പൈപ്പിൽ നിന്നും ഹോസ് ഉപയോഗിച്ച് സുരേഷ് വെള്ളമെടുത്തിരുന്നു.
അനുവാദം ചോദിക്കാതെ വെള്ളമെടുത്തതിനെചൊല്ലി സുരേഷും വീട്ടുകാരും തമ്മിൽ തർക്കവും നടന്നു. ഇന്നലെ രാവിലെ സുരേഷിനെവീട്ടിലും സമീപത്തെബസ് ഷെഡിലും കണ്ടവരുണ്ട്.
സുരേഷ് നിരവധി കേസുകളിൽ പ്രതി
വർഷങ്ങൾക്ക് മുമ്പ് പറവൂർ മുകാംബി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ലോട്ടറി വില്പനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്ഉൾപ്പെടെ നിരവധി കേസുകളിൽ സുരേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടിൽ ജോലിക്കു പോകുന്നതിനാൽ ഇടക്കിടെ മാത്രമാണ് വീട്ടിലെത്തുന്നത്. മദ്യലഹരിയിൽ പണം ആവശ്യപ്പെട്ട് അമ്മയെ മർദ്ദിക്കാറുള്ളസുരേഷ് ഒരു മാസം മുമ്പ് അമ്മയുടെ ഒന്നര പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞു. ഇതു സംബന്ധിച്ച് അമ്മപറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
സുരേഷിന്റെ ഭാര്യയും രണ്ടു മക്കളും വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടു പോയി. മത്സ്യക്കച്ചവടം നടത്തിയിരുന്ന കാഞ്ചനവല്ലി അടുത്തിടെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുമായിരുന്നു. ഭർത്താവ് ഷൺമുഖൻ ആറ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മൂത്തമകൻ മണിയനും കുടുംബവും കുഞ്ഞിത്തൈയിലാണ് താമസം.
. ആലുവ റൂറൽ എസ്.പി രാഹുൽ ആർ. നായർ, എ എസ്.പി സോജൻ, ഡിവൈ.എസ് .പി മാരായ വിദ്യാധരൻ, റാഫി, പറവൂർ സർക്കിൾ ഇൻസ്പെക്ടർ ഷാബു എന്നിവർ സ്ഥലത്തെത്തി. ഇന്ന് രാവിലെ വിശദമായ പരിശോധന നടത്തിയ ശേഷം തഹസിൽദാറിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കും. പിന്നീട് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.