ന്യൂഡൽഹി: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളിൽ നാലിലൊന്നു പേരും കോടിപതികൾ! സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ സമ്പാദ്യവിവരമനുസരിച്ച് 392 പേർ കോടീശ്വരന്മാരാണ്. ഇവരിൽ 81 പേർ ബി.ജെ.പി സ്ഥാനാർത്ഥികൾ. കോടിപതികളായ സ്ഥാനാർത്ഥികളുടെ ആകെ സ്വത്ത് കണക്കാക്കി ശരാശരിയെടുത്താൻ ഓരോരുത്തരുടെയും സ്വത്ത് 2.95 കോടിയോളം വരും. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായ ദേവേന്ദ്രസിംഗ് യാദവ് ആണ് കൂട്ടത്തിൽ കോടിപതി നമ്പർ വൺ. ഉ്ത്തർപ്രദേശിലെ ഇറ്റാവ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ദേവേന്ദ്രസിംഗ് യാദവിന്റെ വെളിപ്പെടുത്തിയ സമ്പാദ്യം തന്നെ 204 കോടി രൂപയാണ്.
മൂന്നാംഘട്ടത്തിൽ ജനവിധി തേടുന്ന 1594 സ്ഥാനാർത്ഥികളുടെ സാമ്പത്തിക വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കോടിപതികളുടെ കണക്ക്. ബി.ജെ.പിയിൽ നിന്ന് 84 ശതമാനം പേർ കോടിപതികളായപ്പോൾ കോൺഗ്രസിൽ നിന്ന് 82 ശതമാനം പേരാണ് കോടീശ്വര പട്ടികയിൽ. അതായത് ആകെ 97 ബി.ജെ.പിക്കാരിൽ 81 പേരും കോടികളുടെ അധിപന്മാർ. കോൺഗ്രസിലാകട്ടെ, 90-ൽ 74. സമാജ്‌വാദി പാർട്ടിയിലെ പത്തിൽ ഒൻപതു പേരും അതി
സമ്പന്നരുടെ പട്ടികയിലാണ്. സി.പി.എം സ്ഥാനാർത്ഥികളിൽ പത്തു പേരും, ബി.എസ്.പിയുടെ 12 പേരും ശിവസേനയിൽ നിന്ന് 9 പേരുമാണ് കോടിശ്വരന്മാർ. ഒരു കോടിയിലധികം സ്വത്ത് വെളിപ്പെടുത്തിയവരിൽ എൻ.സി.പിയുടെ ഏഴു പേരുമുണ്ട്.
എൻ.സി.പി സ്ഥാനാർത്ഥിയായി മഹാരാഷ്‌ട്രയിലെ സതാരയിൽ നിന്ന് ജനവിധി തേടുന്ന ഭോസ്‌ലെ ശ്രീമന്ത് ഛത്രപതി മഹാരാജ് ആണ് മഹാകോടീശ്വരന്മാരിലെ രണ്ടാമൻ. വെളിപ്പെടുത്തിയ സമ്പാദ്യം 199 കോടി. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ, യു.പിയിലെ ബറേലിയിൽ നിന്ന് മത്സരിക്കുന്ന പ്രവീൺ സിംഗ് ആരോൺ ആണ് ഒന്നാമത്. 147 കോടിയുടെ സ്വത്തു വിവരം പ്രഖ്യാപിച്ച പ്രവീൺ സിംഗിന് മൂന്നാംഘട്ടത്തിലെ കോടീശ്വര പട്ടികയിൽ മൂന്നാം സ്ഥാനമുണ്ട്.
ബി.ജെ.പി സ്ഥാനാർത്ഥികളുടെ മൊത്തം സ്വത്തുവിവരത്തിന്റെ കണക്കെടുത്താൻ ആളോഹരി സ്വത്ത് 13 കോടിയിലേറെ വരും. കോൺഗ്രസ് സ്ഥാനാർത്ഥികളുടേത് 10.9 കോടിയും ബി.എസ്.പി സ്ഥാനാർത്ഥികളുടേത് 1.22 കോടിയും. ശിവസേനാ സ്ഥാനാർത്ഥികളുടെ ആളോഹരി സ്വത്ത് 2.69 കോടിയാണ്.