gulf-

ന്യൂഡൽഹി: പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് വോട്ടെടുപ്പിന് ഒരുദിവസം ശേഷിക്കെ തിരഞ്ഞെടുപ്പിന്റെ ആവേശം നിറച്ച് പ്രവാസികളും എത്തിത്തുടങ്ങി. വോട്ടർമാരുമായി ഖത്തറിൽ നിന്നുള്ള ആദ്യവിമാനം ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയിരുന്നു. ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമലയുടെ നേതൃത്വത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ ശനിയാഴ്ച പുലർച്ചെ ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയത്. ഇൻകാസും കെ.എം.സി.സിയും സംയുക്തമായാണ് പ്രവർത്തകരെ നാട്ടിലെത്തിക്കുന്നത്. ഇന്നും നാളെയുമുള്ള ഏതാനും വിമാനങ്ങളിലും ദോഹയിൽ നിന്ന് യു.ഡി.എഫ്, എൽ.ഡി.എപ് പ്രവർത്തകർ എത്തുന്നുണ്ട്.

ഖത്തറിൽ നിന്ന് എത്തിയവരെ സ്വീകരിക്കാൻ പ്രവർത്തകർ വിമാനത്താവളത്തിലെത്തിയിരുന്നു.വടകര മണ്ഡലത്തിൽ ഉൾപ്പെടുന്ന വോട്ടർമാരാണ് ഇന്നലെ ഖത്തറിൽ നിന്നെത്തിയവരിൽ ഭൂരിപക്ഷവുമെന്ന് സംഘാടകർ പറഞ്ഞു. വോട്ട് ഉറപ്പാക്കാൻ ഇൻകാസ്, കെ.എം.സി.സി, സംസ്കൃതി, ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ (ഒ.എഫ്.ഐ) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഖത്തറിൽ നിന്നു കേരളത്തിലേക്കുള്ള യു.ഡി.എഫ് പ്രവർത്തകർ രാഹുൽഗാന്ധിയുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചാണ് വിമാനമിറങ്ങിയത്.