manmohan-singh-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവച്ച പ്രധാന പദ്ധതിയാണ് ന്യായ്. എന്നാൽ ന്യായ് പദ്ധതിക്കായി കോൺഗ്രസ് നികുതി വർദ്ധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ദ്ധനുമായ ഡോ. മൻമോഹൻ സിംഗ്. രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞ കാര്യങ്ങൾ തള്ളിയാണ് മൻമോഹൻ സിംഗിന്റെ പ്രസ്താവന. ന്യായ് നടപ്പാക്കുമ്പോൾ പുതിയ നികുതികൾ ഉണ്ടാവില്ല. പക്ഷേ സാമ്പത്തിക മേഖലയെ ഇത് മുന്നോട്ട് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അംബാനിയെ പോലുള്ള വൻകിട മുതലാളിമാരിൽ നിന്ന് കൂടുതൽ നികുതി പിരിച്ച് ന്യായ് പദ്ധതി വിജയകരമാക്കുമെന്നായിരുന്നു നേരത്തെ രാഹുൽ ഗാന്ധി പറഞ്ഞത്. . ന്യായ് പദ്ധതി നടപ്പാക്കിയാൽ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്നും ഇതൊഴിവാക്കാൻ കോൺഗ്രസ് മദ്ധ്യവർഗത്തിന് മേൽ കൂടുതൽനികുതി ചുമത്തുമെന്നും രാഹുൽ പറഞ്ഞു. ഈ വാദങ്ങളെയും മൻമോഹൻ സിംഗ് തള്ളി. . സാമ്പത്തിക അച്ചടക്കം കോൺഗ്രസിന്റെ മുഖ്യ അജണ്ടയാണെന്നാണ് മൻമോഹൻ സിംഗ് വ്യക്തമാക്കിയത്.

ജിഡിപിയുടെ 1.5 ശതമാനം മാത്രം മതി ന്യായ് പദ്ധതി നടപ്പാക്കാൻ. ഇന്ത്യൻ സമ്പദ് മേഖല മൂന്ന് ട്രില്യൺ ശേഷിയുള്ളതാണ്. അതുകൊണ്ട് ഈ പദ്ധതി എളുപ്പത്തിൽ നടപ്പാക്കാൻസാധിക്കും. അതിനായി മദ്ധ്യവർഗത്തിന് മേൽ നികുതി ഭാരം കെട്ടിവെക്കേണ്ട കാര്യമില്ല. ന്യായ് കൊണ്ടുണ്ടാകുന്ന വളർച്ച ഇന്ത്യന്‍ വിപണിയെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡോ. മൻമോഹൻ അടക്കമുള്ളവർ കൃത്യമായി തീരുമാനിച്ച ശേഷമാണ് ന്യായ് പദ്ധതി തയ്യാറാക്കിയത്. 1991ൽ ഇന്ത്യൻസമ്പദ് മേഖല പുതിയൊരു തലത്തിലേക്ക് മാറിയത് പോലെ 2019ൽ വലിയൊരു മാറ്റം ന്യായ് കൊണ്ടുവരുമെന്നും മൻമോഹന്‍ പറഞ്ഞു. ഇന്ത്യയെ ദാരിദ്ര്യരഹിത രാജ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി.