sports-news-in-brief
sports news in brief

നദാൽ സെമിയിൽ പുറത്ത്

മോണ്ടികാർലോ : ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന റാഫേൽ നദാലിന് മോണ്ടി കാർലോ ഓപ്പൺ ടെന്നിസിൽ തിരിച്ചടി. ഇന്നലെ സെമി ഫൈനലിൽ മുൻ ഒന്നാം നമ്പർ താരമായ റാഫേൽ നദാൽ തോറ്റു പുറത്താവുകയായിരുന്നു.

ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്‌നിനിയാണ് നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത്. 6-4, 6-2 എന്ന സ്കോറിനായിരുന്നു നദാലിന്റെ തോൽവി. ഫ്രഞ്ച് ഓപ്പണിന് അഞ്ചാഴ്ച മാത്രം ശേഷിക്കേ നദാലിന്റെ തോൽവി ആരാധകരിൽ സംശയങ്ങൾ ഉയർത്തുന്നുണ്ട്.

ഫൈനലിൽ ഫോഗ്‌നിനി സെർബിയൻ താരം ദുസാൻ ലാ യോവിച്ചിനെ നേരിടും.

ശിവ ഥാപ്പ ക്വാർട്ടറിൽ

ബാങ്കോക്ക് : തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ശിവ ഥാപ്പ 60 കി.ഗ്രാം വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിലെത്തി. പ്രീക്വാർട്ടറിൽ കിർഗിസ്ഥാന്റെ സെയ്‌ത്‌ബെക്ക് ഊലുവിനെ 4-1 നാണ് കീഴടക്കിയത്. എൽ. സരിതാദേവി, അമിത് പാൻഗൽ എന്നിവരും ക്വാർട്ടർ ഫൈനലിലെത്തിയിട്ടുണ്ട്.

അമ്പെയ്‌ത്ത് ടീമിന്റെ ലോകകപ്പ്

യാത്ര മുടങ്ങി

ന്യൂഡൽഹി : ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാനിലൂടെയുള്ള യാത്രയ്ക്ക് വിലക്കുള്ളതിനാൽ കൊളംബിയയിൽ നടക്കുന്ന ലോകകപ്പ് ആർച്ചറി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ യാത്ര മുടങ്ങി. ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാന യാത്ര നടക്കില്ലെന്ന് ടീമിനെ അറിയിച്ചത്. പാകിസ്ഥാനിലൂടെയുള്ള യാത്രയ്ക്ക് വിലക്കുള്ളതിനാൽ വിമാനം രണ്ടുമണിക്കൂർ വൈകുമെന്നും അതിനാൽ ആംസ്റ്റർ ഡാമിൽനിന്ന് കൊളംബിയയിലേക്കുള്ള കണക്ടിംഗ് ഫ്ളൈറ്റ് മിസാകുമെന്നും അവസാന നിമിഷമാണ് എയർലൈൻ കമ്പനി അറിയിച്ചത്.

മീരാഭായ് ചാനുവിന്

വെങ്കല നഷ്ടം

നിൻഗോ : ചൈനയിൽ നടക്കുന്ന ഏഷ്യൻ വെയ്റ്റ് ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 49 കി.ഗ്രാം വിഭാഗത്തിൽ തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യൻ താരം മീരാഭായി ചാനു സായ്‌കോമിന് വെങ്കല മെഡൽ നഷ്ടമായി. സ്‌നാച്ചിലും ക്ളീൻ ആൻഡ് ജെർക്കിലുമായി 199 കിലോ ഉയർത്തിയ മീരാഭായ് നാലാമതായാണ് ഫിനിഷ് ചെയ്തത്.