ലുധിയാന : ആതിഥേയരായ പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സർവീസസ് സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം സ്വന്തമാക്കി.
61-ാാം മിനിട്ടിൽ ബികാഷ് താപ്പയാണ് സർവീസസിന്റെ വിജയഗോൾ നേടിയത്. ആക്രമണത്തേക്കാൾ പ്രതിരോധത്തിനാണ് ഫൈനൽ സാക്ഷ്യം വഹിച്ചത്. തുടക്കം മുതൽ സ്ട്രൈക്കർമാരെ ബോക്സിനുള്ളിലേക്ക് കടത്താതെ പ്രതിരോധക്കോട്ട കെട്ടുകയായിരുന്നു ഇരുടീമുകളും.
ആദ്യപകുതിയിൽ ബികാഷ് താപ്പ നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും പ്രതിരോധച്ചങ്ങലയിൽ കുരുങ്ങിയതിനാൽ സർവീസസിന് സ്കോർ ബോർഡ് തുറക്കാൻ കഴിഞ്ഞില്ല. ഹരികൃഷ്ണയുടെ മറ്റൊരു ശ്രമം പഞ്ചാബിന്റെ ഗോളി തടുത്തിട്ടു. രണ്ടാംപകുതിയിൽ സർവീസസ് ഗോൾ നേടിയതോടെ പഞ്ചാബും ആക്രമണത്തിന് മുന്നിട്ടിറങ്ങി. എന്നാൽ അപ്പോഴേക്കും പ്രതിരോധം ശക്തമാക്കിയ സർവീസസ് കിരീടം തങ്ങളുടെ പേരിലേക്ക് മാറ്റി.
6
ഇത് ആറാം തവണയാണ് സർവീസസ് സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്.