election

തിരുവനന്തപുരം: പ്രവചനാതീതമായ പോരാട്ടത്തിന്റെ വീറും വാശിയും അതേ അളവിൽ പ്രകടമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചരണത്തിനു ശേഷം നാളെ വിധിയെഴുത്തിലേക്കു നീങ്ങുമ്പോൾ ആകാംക്ഷയുടെ മുൾമുനയിലാണ് രാഷ്ട്രീയകേരളം.

സംഘർഷാവസ്ഥയിലേക്കു വരെ കാര്യങ്ങളെത്തിക്കുമാറ് കൊട്ടിക്കലാശത്തിൽ പലേടത്തും പ്രവർത്തകരുടെ അണപൊട്ടിയ ആവേശം വോട്ടിംഗിൽ എന്തു പ്രതിഫലനമുണ്ടാക്കുമെന്നതാണ് അറിയേണ്ടത്. തീക്ഷ്ണമായ ത്രികോണപ്പോരിനു വേദിയായ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ജയം ആർക്കെന്നതിനൊപ്പം മൂന്നാം സ്ഥാനത്തേക്ക് ആരു തള്ളപ്പെടും എന്നതും ആകാംക്ഷയുണർത്തുന്ന ചോദ്യം. 2.61 കോടി വോട്ടർമാരാണ് വിധിനിർണയിക്കേണ്ടത്. വിധിയെഴുതിക്കഴിഞ്ഞാലും ഫലമറിയാൻ ഒരു മാസം കാത്തിരിക്കണം.

നീണ്ട 43 ദിവസത്തെ പ്രചാരണ കാലയളവിൽ മുഖ്യ അജൻഡയായി കളമടക്കി വാണത് ദേശീയ രാഷ്ട്രീയമാണെങ്കിലും കൊഴുപ്പിക്കാൻ ശബരിമല ഉൾപ്പെടെ സംസ്ഥാനത്തെ പൊള്ളിച്ച രാഷ്ട്രീയ വിവാദങ്ങളുമുണ്ടായി. എൻ.ഡി.എയ്‌ക്കായി പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അത് ഊതിക്കത്തിച്ചത്. ശബരിമല വിവാദത്തിന്റെ കേന്ദ്രസ്ഥാനമായ പത്തനംതിട്ടയിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ഏറ്റവുമൊടുവിൽ നടത്തിയ റോഡ്ഷോ വരെ ശബരിമലയിലെ രാഷ്ട്രീയമുതലെടുപ്പ് നീണ്ടു. അമിത് ഷായുടെ റോഡ് ഷോ ബി.ജെ.പി- എൻ.ഡി.എ അണികളിലുണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല.

ബി.ജെ.പി വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഇതിനു പിന്നാലെയെത്തി. ശബരിമലയിൽ വിശ്വാസികൾക്കൊപ്പമെന്ന് പ്രഖ്യാപിച്ചു നിന്ന യു.ഡി.എഫ്, തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഇത് കാര്യമായി ഉപയോഗിച്ചില്ലെങ്കിലും ശബരിമല രാഷ്ട്രീയത്തിന്റെ ഗുണഫലം അവരും പ്രതീക്ഷിക്കുന്നു. തുടക്കത്തിലേ പ്രത്യക്ഷസമരം നയിച്ചും തിരഞ്ഞെടുപ്പിൽ മുഖ്യ അജൻഡയാക്കിയും നടത്തിയ കരുനീക്കങ്ങളിലൂടെ ബി.ജെ.പി പ്രതീക്ഷിക്കുന്നത് വലിയ നേട്ടം. എന്നാൽ, ബി.ജെ.പി തീവ്രഹൈന്ദവവികാരം ഇളക്കിവിടുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചുവെന്ന തോന്നൽ മതന്യൂനപക്ഷങ്ങളിഷ എന്തു ചലനമുണ്ടാക്കുമെന്നതും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമടക്കം കാത്തിരുന്നു കാണേണ്ടതാണ്. ശബരിമലയുടെ ഗുണഫലം ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷിക്കുന്നത് ഈ രണ്ടിടത്തുമാണ്.

ബി.ജെ.പിയുടെ അതിതീവ്ര ലൈൻ മതേതര വോട്ടർമാരിൽ തങ്ങൾക്ക് അനുകൂല ചലനങ്ങളുണ്ടാക്കുമെന്ന് ഇടതുപക്ഷം കരുതാതില്ല. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാതിരിക്കാൻ സർക്കാരിനു കഴിയില്ലെന്നിരിക്കെ, ബി.ജെ.പിക്ക് പ്രോത്സാഹനമായത് കോൺഗ്രസെടുത്ത സമീപനമാണെന്നും, ബാബ്റി മസ്ജിദ് കാലം തൊട്ടുള്ള ഈ മൃദുഹിന്ദുത്വലൈനാണ് ആർ.എസ്.എസിന് വളമായതെന്നുമുള്ള പ്രചാരണമാണ് ഇടതുപക്ഷത്തിന്റേത്. കേരളത്തിൽ തകർന്നുകിടന്ന ബി.ജെ.പിയെ ഉണർത്തിയതും വള‌ർത്തിയതും പിണറായിസർക്കാരിന്റെ ശബരിമല നിലപാടാണെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചടിക്കുന്നു.

2014 തൊട്ടുള്ള ബി.ജെ.പിയുടെ ക്രമാനുഗതമായ വളർച്ചയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 6- 6.4 ശതമാനമെന്ന വോട്ടുനിലയിൽ നിന്ന് പൊടുന്നനെ 11 ശതമാനത്തിനടുത്തേക്ക് അവർക്ക് വോട്ടുനില ഉയർത്താനായി. 2014ൽ രാജ്യവ്യാപകമായുണ്ടായ ബി.ജെ.പി അനുകൂല തരംഗം കേരളത്തെയും സ്വാധീനിച്ചതാണ് അതിനൊരു ഘടകമെങ്കിലും പിന്നീടിങ്ങോട്ടും അവർ അതു നിലനിറുത്തി. ബി.ഡി.ജെ.എസിന്റെ കൂടി പിന്തുണയോടെ എൻ.ഡി.എ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത് 15 ശതമാനം വോട്ടാണ്. അത് ഇരുപതിലേക്കെത്തിക്കുമെന്നും അക്കൗണ്ട് തുറക്കുമെന്നുമുള്ള അവകാശവാദമാണ് ഇപ്പോൾ.

അതേസമയം, അത് അസാദ്ധ്യമെന്ന് യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ പറയുന്നു. വയനാട്ടിലെ രാഹുൽ ഇഫക്ടും ദേശീയസ്ഥിതിഗതികളുമടക്കം സൃഷ്‌ടിക്കുന്ന അനുകൂല വികാരത്തിൽ 14- 16 സീറ്റുകൾ വരെ യു.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ ഇടതു മുന്നണിയും അതേ പ്രതീക്ഷയിലാണ്. സംഘടനാമികവും ഉറച്ച രാഷ്ട്രീയ വോട്ടുകളുടെ പിൻബലവും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുമെല്ലാം അവരുടെ പ്രതീക്ഷകളെ വളർത്തുന്നു. 2004-ൽ സർവേ ഫലങ്ങൾ എതിരായിട്ടും 18 സീറ്റുകൾ നേടാനായത് അവരിൽ ആത്മവിശ്വാസമുയർത്തുന്നുണ്ട്.