srilanka

കൊളംബോ: ഈസ്റ്റ‌‌‌‌‌‌ർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകൾക്ക് പിന്നാലെ തലസ്ഥാനമായ കൊളംബോയിലെ വിമാനത്താവളത്തിന് സമീപത്തു നിന്ന് പൈപ്പ് ബോംബ് കണ്ടെത്തി. വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിലേക്കുള്ള വഴിയിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. ശ്രീലങ്കൻ വ്യോമസേന ബോംബ് നിർവീര്യമാക്കിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 24പേരെ പൊലീസ് അറസ്റ്റ്‌ ചെയ്തു. ഇവെര കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുത്തുവിട്ടിട്ടില്ല.


ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ മൂന്നു ക്രിസ്ത്യൻ പള്ളികൾ ഉൾപ്പെടെ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയിൽ 290പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുപ്പത്തഞ്ച് വിദേശികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരിച്ചവരിൽ ഒരു മലയാളി ഉൾപ്പെടെ നാല് ഇന്ത്യക്കാരുണ്ട്. കാസർകോട് സ്വദേശിനിയായ റസീന, ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ് മരിച്ചത്. അതേസമയം,​ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുകയാണ്.

കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറൻ തീര നഗരമായ നെഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി,കിഴക്കൻ നഗരമായ ബട്ടിക്കലോവയിലെ സെന്റ് മിഖായേൽ ക്രിസ്ത്യൻ പള്ളി, കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാൻഗ്രി ലാ, സിനമൺ ഗ്രാൻഡ്, കിങ്‌സ് ബെറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവലെയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തെമെട്ടകോടെ ജില്ലയിലെ ഗോഡെവട്ടയിലുമാണ് സ്‌ഫോടനങ്ങൾ ഉണ്ടായത്. പ്രാദേശിക സമയം 8.45 ഓടെയായിരുന്നു ആദ്യ സ്‌ഫോടനങ്ങൾ നടന്നത്. എട്ട് സ്‌ഫോടനങ്ങളിൽ രണ്ടെണ്ണം നടത്തിയത് ചാവേറുകളാണെന്നാണ് പ്രാഥമിക നിഗമനം.