കൊളംബോ : പുണ്യദിനമായ ഈസ്റ്റർ ലോകമാകെ ആഘോഷിക്കുന്ന വേളയിൽ ശ്രീലങ്കയെ ഞെട്ടിച്ചുകൊണ്ടുള്ള ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ നേരത്തെ സൂചന നൽകിയിരുന്നുവെന്ന റിപ്പോർട്ട് പുറത്ത്. നാഷണൽ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ നേതാവ് സെഹ്റാൻ ഹസീമും കൂട്ടാളികളും ചാവേർ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് നേരത്തേ സൂചന ലഭിച്ചിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്‌തു. ഇന്ത്യ ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പക്ഷേ ജാഗ്രത പുലർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കുറ്റസമ്മതം നടത്തി.
ഏപ്രിൽ നാലിനാണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് തങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ ഇന്ത്യ ശ്രീലങ്കൻ സുരക്ഷാ ഏജൻസിയെ അറിയിച്ചത്. പള്ളികളും ആഢംബര ഹോട്ടലുകളുമടക്കം എട്ടോളം സ്ഥലങ്ങളിൽ തീവ്രവാദികൾ ആക്രമണം നടത്താൻ ലക്ഷ്യമിടുന്നു എന്ന കൃത്യമായ വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെ വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഏപ്രിൽ പത്തിന് ശ്രീലങ്കൻ പൊലീസ് മേധാവി ദേശീയ തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പക്ഷേ അക്രമികളെ കണ്ടെത്തി പദ്ധതി പരാജയപ്പെടുത്തുന്നതിൽ സുരക്ഷ ഏജൻസികൾ പരാജയപ്പെടുകയായിരുന്നു. ഭീകരാക്രമണമുണ്ടായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ 24 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തിന് പുറത്ത് നിന്നും ഭീകരാക്രമണത്തിന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്.
ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിൽ 290 പേർ കൊല്ലപ്പെടുകയായിരുന്നു. സ്‌ഫോടനങ്ങളിൽ 500 ഓളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏറെയും അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാരായ ക്രിസ്ത്യാനികളാണ്. ജപ്പാൻ, നെതർലാൻഡ്സ്,പോർച്ചുഗൽ, ടർക്കി പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിരവധി പേരുടെ നില ഗുരുതരമാണ്.