naval-parade

ന്യൂഡൽഹി: ഇന്ത്യയിലെ രണ്ട് പടക്കപ്പലുകൾ ചൈനയിലെത്തി. ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുകളായ ഐ.എൻ.എസ് കൊൽക്കത്ത, ഐ.എൻ.എസ് ശക്തി എന്നിവ ചൈനയുടെ കിഴക്കൻ തുറമുഖമായ ഖിൻദാവോയിലെത്തിയത്. ഏപ്രിൽ 22 മുതൽ 25 വരെയാണ് പരിപാടികൾ നടക്കുക. സ്വന്തം നാവികസേനയുടെ ശക്തി പ്രദർശിപ്പിക്കുന്നതിന് വേണ്ടിയാണ് ചൈന ഫ്ളീറ്റ് റിവ്യു നടത്തുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമി നേവി നിലവിൽ വന്നിട്ട് 70 വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.


ഇന്ത്യയും ചൈനയും തമ്മിൽ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്ളീറ്റ് റിവ്യൂവിൽ പങ്കെടുക്കുന്നതെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചു. റഡാർ കണ്ണുകളെ വെട്ടിച്ച് ആക്രമണം നടത്തുന്ന കപ്പലുകളെയും വിമാനങ്ങളെയും ആക്രമിക്കാൻ കഴിവുള്ളതാണ് ഐ.എൻ.എസ് കൊൽക്കത്ത. അത്യാധുനിക ആയുധങ്ങളും സെൻസറുകളും ഉൾക്കൊള്ളുന്നതാണ് ഈ പടക്കപ്പൽ. ഒരേസമയം വ്യോമ, നാവിക, അന്തർവാഹിനി ആക്രമണങ്ങളെ തിരിച്ചറിയാനും പ്രത്യാക്രമണം നടത്താനും കൊൽക്കത്തയ്ക്ക് സാധിക്കും.


യുദ്ധക്കപ്പലുകൾക്ക് പടക്കോപ്പുകൾ, ഇന്ധനം എന്നിവ വിതരണം ചെയ്യാനായാണ് പ്രധാനമായും ഐ.എൻ.എസ് ശക്തി എന്ന യുദ്ധക്കപ്പൽ ഉപയോഗിക്കുന്നത്. രണ്ടു യുദ്ധക്കപ്പലുകൾക്കും നിരവധി ഹെലി‌കോപ്‌ടറുകൾ വഹിക്കാൻ ശേഷിയുണ്ട്. അന്തർവാഹിനികളെ ആക്രമിക്കാനും രക്ഷാ പ്രവർത്തനങ്ങൾക്കായും രണ്ട് കപ്പലുകളും ഉപയോഗിക്കാറുണ്ട്. ഇന്ത്യയ്ക്ക് പുറമെ വിവിധ മേഖലകളിൽ നിന്നായി ഒരുഡസനോളം രാജ്യങ്ങൾ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവിൽ പങ്കെടുക്കുന്നുണ്ട്.


2014നു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ കപ്പലുകൾ ചൈനീസ് നാവികാഭ്യാസത്തിന് എത്തുന്നത്. അറേബ്യൻ കടലിലെ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യം പാകിസ്ഥാനെ ഭയപ്പെടുത്തുന്നുവെന്നും അതിനാൽ അവർ കപ്പലുകൾ അയക്കാൻ സാദ്ധ്യതയില്ലെന്നുമാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ഇന്ത്യൻ പടക്കപ്പലുകളുടെ സാന്നിധ്യം സഹകരണത്തിന്റെ പ്രതീകമായി കാണാമെന്നും പ്രതിരോധ വിദ‌ഗ്‌ദ്ധർ പറയുന്നു.