തിരുവനന്തപുരം: ജനങ്ങൾ തനിക്കൊപ്പമാണെന്നും മുൻപത്തേതിലും കൂടുതൽ ഭൂരിപക്ഷത്തോടെ ഇത്തവണ വിജയിക്കുമെന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ. ഇത്തവണ ആത്മവിശ്വാസം കൂടുതലുണ്ട്. വിജയം നമ്മുടേതാണെന്നും എല്ലാവരും വോട്ട് ചെയ്യാൻ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സ്നേഹ പ്രകടങ്ങളും, പുഞ്ചിരിയും പ്രതികരണങ്ങളുമെല്ലാം തന്റെ ആത്മവിശ്വാസം ഉയർത്തുകയാണ്. എല്ലാവരുടെയും പുഞ്ചിരി വോട്ടുകളാക്കി മാറ്റുകയാണ് വേണ്ടത്. നാളെ മഴയ്ക് സാദ്ധ്യതയുണ്ടെന്ന് വാർത്തകൾ ഉള്ളത് കൊണ്ട് ആരും വോട്ട് ചെയ്യാതിരിക്കരുത്. എല്ലാവരും അവരവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ മൂല്യങ്ങൾ ഡൽഹിയിലെത്തിക്കാനും ഇവിടത്തെ ആവശ്യങ്ങളും ആശങ്കയും എല്ലാം ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഞാൻ എന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തവണയും തന്നെ വിജയിപ്പിക്കണം'' - ശശി തരൂർ പറഞ്ഞു.
റോഡ്ഷോയ്ക് അനുവദിച്ച റൂട്ടിൽ സംഘർഷമുണ്ടായത് ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണ്. പ്രദേശത്തുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകർക്ക് പോലും മനസിലായി എൽ.ഡി.എഫിന്റെ പ്രവർത്തകർ പ്രകോപിപ്പിക്കാൻ ശ്രമിച്ചതാണെന്ന്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചില ഇടതുപക്ഷ പ്രവർത്തകരുടെ മര്യാദയില്ലാത്ത പ്രവർത്തിയാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ നടപടികൾ ശരിയല്ലാത്തത് കൊണ്ടാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്ന് തരൂർ പറഞ്ഞു. ആകെ മൂന്ന് പൊലീസുകാരാണ് റോഡ് ഷോയ്ക്ക് അനുമതി നൽകിയ റൂട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ, ചിലയിടങ്ങളിൽ പൊലീസുകാർ കൂട്ടം കൂടി വെറുതെ നിന്നതായും അദ്ദേഹം വ്യക്തമാക്കി.