കൊച്ചി: യാത്രക്കാരെ കൈയ്യേറ്റം ചെയ്‌ത സംഭവത്തിൽ കല്ലട ട്രാവൽസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. യാത്രക്കാരെ മർദ്ദിച്ച മൂന്ന് ബസ് ജീവനക്കാരെ പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ബസ് പിടിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. കമ്പനി മാനേജരെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. മരട് പൊലീസാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസിലാണ് സംഘർഷമുണ്ടായത്. ശനിയാഴ്‌ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു. ബസിലെ യാത്രക്കാരിലൊരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ യുവാക്കളെ ജീവനക്കാർ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്‌തു.
അതേസമയം, അക്രമം നടത്തിയ ജീവനക്കാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് പൊലീസ് ചുമത്തിയതെന്ന ആക്ഷേപം ഉരുന്നുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ യാത്രക്കാർ തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.