ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ട തിരിച്ചറിയൽ കാർഡുകൾ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന സംഭവം പരിശോധിക്കുമെന്ന് ജില്ലാ കള്കടർ കെ.വാസുകി അറിയിച്ചു. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പരാതിയിലാണ് നടപടി സ്വീകരിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മണ്ഡലത്തിൽ ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇരട്ട ഐഡികാർഡുകൾ കണ്ടെത്തിയെന്ന് അടൂർ പ്രകാശ് ആരോപിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് ക്രമക്കേടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. വ്യാപകമായ കള്ളവോട്ടുകൾ ചെയ്യുക എന്ന് ലക്ഷ്യത്തോടെ ഒരാൾക്ക് രണ്ടു മൂന്നും തിരിച്ചറയിൽ കാർഡ് സൃഷ്ടിച്ചിരിക്കെയാണെന്നാണ് അടൂർ പ്രകാശിന്റെ ആരോപണം. പല ബൂത്തുകളിലായി ഒരാൾ തന്നെ പേര് ചേർത്തിരിക്കുന്നതിന്റെ രേഖകൾ അടൂർ പ്രകാശ് പുറത്തുവിട്ടിരുന്നു. ബൂത്ത് ലെവൽ ഓഫീസർമാരുടെ അറിവോടെയാണ് ഇത്തരത്തിൽ വോട്ടർപ്പട്ടികയിൽ ക്രമക്കേട് കാട്ടിയതെന്ന് കാണിച്ച് അടൂർ പ്രകാശ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു.
ഒരാൾക്ക് ഒരു ബൂത്തിൽ വോട്ടുചെയ്ത ശേഷം അത് മായ്ച്ചു കളഞ്ഞിട്ട് മറ്റൊരു ബൂത്തിൽ വോട്ടു ചെയ്യാമെന്നതാണ് യു.ഡി.എഫിന്റെ പരാതി. എന്നാൽ ഏത് രാഷ്ട്രീയപാർട്ടിയാണ് ക്രമക്കേടിന് പിന്നിലെന്ന് പറയാൻ അടൂർ പ്രകാശ് തയാറായിട്ടില്ല. ക്രമക്കേട് ആരോപിക്കുന്ന വോട്ടർപ്പട്ടികയുടെ പൂർണപകർപ്പുമായാണ് അടൂർപ്രകാശ് വാർത്താസമ്മേളനത്തിനെത്തിയത്.