പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് കല്ലെറിഞ്ഞത് യു.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് സംശയമുണര്‍ത്തുന്ന വീഡിയോ പുറത്ത്. കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ”ചതിക്കെല്ലെടാ” എന്നു പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്.
ഈ വീഡിയോയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ദൂരെ നിൽക്കുന്നതും, കല്ലെറിയരുതെന്ന് അനില്‍ അക്കര പറയുന്നതായും കാണാം. എന്നാൽ, പ്രവര്‍ത്തകര്‍ കല്ലേറ് തുടരുന്നുണ്ട്. ഈ സംഭവത്തിലാണ് രമ്യക്ക് പരിക്കേറ്റതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, ഇങ്ങോട്ട് കല്ലെറിഞ്ഞ ഇടതുമുന്നണി പ്രവര്‍ത്തകരെ തിരിച്ച് എറിയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനാണ് താന്‍ ശ്രമിച്ചതെന്ന് അനില്‍ അക്കര ഒരു ഓൺലൈൻ മാദ്ധ്യമത്തോട് പറഞ്ഞു. എണ്ണത്തിൽ കുറവായിരുന്ന ഇടത് മുന്നണി പ്രവര്‍ത്തകരെ എണ്ണായിരത്തോളം വരുന്ന കോൺഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ച് കൈകാര്യം ചെയ്യാനിടയായാൽ ഉണ്ടാകുമായിരുന്ന അത്യാഹിതം താൻ ഇടപെട്ട് ഒഴിവാക്കിയതിൽ എന്താണ് തെറ്റെന്നും അനിൽ അക്കര ചോദിച്ചു. കല്ലേറില്‍ രമ്യാ ഹരിദാസിന് പരിക്കേറ്റിരുന്നു. രമ്യ സഞ്ചരിച്ച വാഹനത്തിനു നേരെയാണു കല്ലേറുണ്ടായത്. രമ്യയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.