കൊളംബോ: പുണ്യദിനമായ ഈസ്റ്റർ ലോകമാകെ ആഘോഷിക്കുന്ന വേളയിൽ ശ്രീലങ്കയെ ഞെട്ടിച്ചുകൊണ്ട് നടന്ന ഭീകരാക്രമണത്തിന് പിന്നിൽ തൗഹീദ് ജമാഅത്താണെന്ന് (എൻ.ടി.ജെ) സൂചന. ഈ മേഖലയിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ സ്ഥിരം കണ്ണികളാണ് ഇത്തരം ചെറുഗ്രൂപ്പുകളെന്ന് ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ശ്രീലങ്കൻ തൗഹീദ് ജമാഅത്തിന് രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിൽ നിർണായക സ്വാധീനമുണ്ട്. ശരീഅത്ത് നിയമം നടപ്പാക്കാൻ ശ്രമിക്കുകയും സ്ത്രീകൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത് ഇവിടെ സജീവമാണു സംഘടന. എൻ.ടി.ജെയെ കൂടാതെ മാല ദ്വീപ് മുതൽ ബംഗ്ലാദേശ് വരെയുള്ള രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ഭീകരസംഘടനകളിലേക്കും ലോകരാജ്യങ്ങൾ വിരൾ ചൂണ്ടുന്നുണ്ട്. ഇവർക്ക് ഐ.എസിന്റെ പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്ന എൻ.ടി.ജെ തമിഴ്നാട്ടിൽ സമീവമായിരുന്നെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
എന്നാൽ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ നേരത്തെ സൂചന നൽകിയിരുന്നുവെന്ന റിപ്പോർട്ട് പുറത്ത്. തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ നേതാവ് സെഹ്റാൻ ഹസീമും കൂട്ടാളികളും ചാവേർ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് നേരത്തേ സൂചന ലഭിച്ചിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്‌തു. ഇന്ത്യ ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പക്ഷേ ജാഗ്രത പുലർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കുറ്റസമ്മതം നടത്തി.
ഏപ്രിൽ നാലിനാണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് തങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ ഇന്ത്യ ശ്രീലങ്കൻ സുരക്ഷാ ഏജൻസിയെ അറിയിച്ചത്. പള്ളികളും ആഢംബര ഹോട്ടലുകളുമടക്കം എട്ടോളം സ്ഥലങ്ങളിൽ തീവ്രവാദികൾ ആക്രമണം നടത്താൻ ലക്ഷ്യമിടുന്നു എന്ന കൃത്യമായ വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെ വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഏപ്രിൽ പത്തിന് ശ്രീലങ്കൻ പൊലീസ് മേധാവി ദേശീയ തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പക്ഷേ അക്രമികളെ കണ്ടെത്തി പദ്ധതി പരാജയപ്പെടുത്തുന്നതിൽ സുരക്ഷ ഏജൻസികൾ പരാജയപ്പെടുകയായിരുന്നു. ഭീകരാക്രമണമുണ്ടായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ 24 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തിന് പുറത്ത് നിന്നും ഭീകരാക്രമണത്തിന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്.