sadaf-khadem

പാരിസ്: വനിതാ ബോക്‌സിംഗിൽ രാജ്യത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിട്ടും ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ നിൽക്കുകയാണ് ഇറാനിയൻ ബോക്‌സറായ സദഫ് ഖദീം. സദഫ് മൽസരത്തിനു ശേഷവും നാട്ടിലേക്ക് മടങ്ങാനാവാതെ ഫ്രാൻസിൽ തന്നെ തുടരുകയാണ്. താൻ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടും എന്ന ഭയംകൊണ്ടാണ് സദഫും പരിശീലകനും ഇറാനിലേക്കു മടങ്ങിപ്പോകാൻ മടിക്കുന്നത്.

ഇറാനിലെ ആദ്യത്തെ വനിതാ ബോക്സറാണ് സദഫ് ഖദീം. തെഹ്‌റാനിൽ ഫിറ്റ്നെസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു 24കാരിയായ സദഫ്. മത്സരവേദിയിൽ ഇസ്ലാമിക നിയമമനുസരിച്ച് വസ്ത്രധാരണം നടത്തിയില്ല എന്ന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. '' ഫ്രാൻസിൽ നടന്ന ലീഗലി അപ്രൂവ്ഡ് മാച്ചിലാണ് ‍ഞാൻ മത്സരിച്ചത്. പക്ഷേ ഷോർട്ട്സും ടീഷർട്ടും ധരിച്ചാണ് ഞാൻ മൽസരിച്ചത്. ലോകത്തിന്റെ കണ്ണിൽ ആ വസ്ത്രധാരണത്തിന് ഒരു കുഴപ്പവുമില്ല. മൽസരവേദിയിൽ ഞാൻ ഹിജാബ് ധരിച്ചില്ല, എന്റെ പരിശീലകൻ ഒരു പുരുഷനാണ് ഇതൊക്കെയാണ് ചിലരുടെ പ്രശ്നമെന്നും '' സദഫ് പറയുന്നു.

അതേസമയം,​ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇറാൻ തയാറായിട്ടില്ലെങ്കിലും ഇറാനിലെ ബോക്സിംഗ് ഫെഡറേഷൻ അധികൃതർ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. സദഫ് ഇറാന്റെ രജിസ്റ്റേർഡ് ബോക്സിംഗ് താരമല്ലെന്നാണ് ഇറാൻ ബോക്സിംഗ് ഫെഡറേഷൻ മേധാവിയായ ഹൊസൈൻ സൂരി പറയുന്നത്. അതുകൊണ്ടുതന്നെ ഫെഡറേഷന്റെ കണ്ണിൽ അവരെ സംബന്ധിച്ച എല്ലാ കാര്യങ്ങളും തീർത്തും സ്വകാര്യമാണെന്നും ഇവർ പറയുന്നു.