terrorist

കൊളംബോ : കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ഉണ്ടായ സ‌്‌ഫോടന പരമ്പരയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ)യുടെ സാന്നിദ്ധ്യം തമിഴ്നാട്ടിലുമുണ്ടെന്ന് റിപ്പോർട്ട്. തെക്കേ ഏഷ്യയിലെ ചെറുരാജ്യങ്ങളിൽ വേരുറപ്പിച്ചിട്ടുള്ള ഐസിസ് പിന്തുണയുള്ള ഭീകര സംഘടനയാണിത്. ഈ മേഖലകളിൽ നടക്കുന്ന തീവ്രത കുറഞ്ഞ ഭീകരാക്രമണങ്ങളുടെ പിന്നിൽ ഈ സംഘടനയുടെ കൈകളാണെന്ന് മുൻപും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്ര ശക്തമായ ഒരാക്രമണം ആദ്യമായിട്ടാണ് ശ്രീലങ്കയിൽ എൻ.ടി.ജെ നടത്തുന്നത്. ഇതിന് മുൻപും ബുദ്ധ ആരാധനാ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തുകയും, ബുദ്ധ പ്രതിമകൾ വ്യാപകമായി തകർക്കുകയും ചെയ്യുന്നത് എൻ.ടി.ജെ ആണെന്ന് ബുദ്ധ സന്യാസിമാരുടെ സംഘങ്ങൾ ആരോപണമുയർത്തിയിരുന്നു. മത വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കുവാനും പ്രതിമ തകർക്കൽ കാരണമായിരുന്നു. ശ്രീലങ്കയിലെ എഴുപത് ശതമാനത്തിലധികവും ബുദ്ധമതത്തിൽപ്പെട്ടവരാണ്.

എന്നാൽ ഈസ്റ്റർ ദിവസം പള്ളികളെയും പഞ്ചനക്ഷത്ര ഹോട്ടലുകളെയും ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണം നടത്തിയത് വിദേശികളെ കൂട്ടമായി കൊലപ്പെടുത്തുവാനുള്ള ലക്ഷ്യമാണെന്നാണ് കരുതുന്നത്. നീണ്ടനാളായി ശ്രീലങ്കയെ അസ്ഥിരപ്പെടുത്തിയിരുന്ന എൽ.ടി.ടിയുടെ പതനത്തിന് ശേഷം ടൂറിസം മേഖലയുടെ വളർച്ചയിലൂടെ രാജ്യത്തിന്റെ സാമ്പത്തികരംഗം വളർച്ചയുടെ പാതയിലേക്ക് എത്തവേയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.

തമിഴ്നാട്ടിലടക്കം വേരുകളുള്ള തൗഹീദ് ജമാഅത്തിനെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ശ്രീലങ്കയിൽ ഭീകര സംഘടന ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഈ വിവരം ഏപ്രിൽ നാലിന് ശ്രീലങ്കൻ സർക്കാരിന് ഇന്ത്യ കൈമാറുകയും ചെയ്തു. രാജ്യത്തിലെ മുന്തിയ ഹോട്ടലുകളും ക്രിസ്തീയ ദേവാലയങ്ങളുമടക്കം എട്ടിടങ്ങളിൽ ആക്രമണം ഉണ്ടായേക്കാമെന്ന കൃത്യമായ വിവരമായിരുന്നു ഇന്ത്യ കൈമാറിയിരുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ പത്തിന് ശ്രീലങ്കൻ പൊലീസ് മേധാവി അതിവ സുരക്ഷയൊരുക്കണമെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ടും അക്രമം തടയാൻ ശ്രീലങ്കൻ സുരക്ഷാ ഏജൻസി പരാജയപ്പെട്ടു. ഇന്ത്യ മുന്നറിയിപ്പ് നൽകിയ വിവരം ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുമുണ്ട്.