ഹിമാലയൻ മലനിരകളുടെ താഴ്‌വരയിൽ കാഴ്‌ചക്കാരെ മനംമയക്കുന്ന വിസ്മയങ്ങളുമായി സഞ്ചാരികളെ മാടിവിളിക്കുകയാണ് മണാലി. മണാലിയിലെ ഓരോ കാഴ്ചകളും വ്യത്യസ്തമാണ്. സഞ്ചാരികളുടെ സ്വർഗമെന്നാണ് മണാലി അറിയപ്പെടുന്നത്. മഞ്ഞുമൂടിയ തരുക്കളും മലനിരകളും ഏറെ മനോഹരമാണ്. വടക്കെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാര കേന്ദ്രമായ മണാലി മധുവിധു ആഘോഷിക്കാനെത്തുന്നവരുടെ പ്രിയയിടമാണ്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമെ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്. മണാലിയിലേക്ക് യാത്ര തിരിക്കുമ്പോൾ സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായില്‍ ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്‌വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്. മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗം മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍.
മണാലിയിലെ സുന്ദരകാഴ്ചകൾ കാണാൻ ഏറ്റവും ഉചിതമായ സമയം മാർച്ച് മുതൽ ഒക്ടോബര്‍ വരെയാണ്. ഡിസംബർ മുതലുള്ള മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും. അതുകൊണ്ടുതന്നെ കഴിവതും ഡിസംബർ മുതൽ മാർച്ച് മാസം പകുതിവരെയുള്ള യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദർശകരെ സ്വീകരിക്കുന്നത്. ട്രെക്കിംഗ് പ്രിയരായ സാഹസികർക്കും ഏറെ ഇഷ്ടപ്പെടും ഈ ഭൂമി. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്കീയിംഗ്,ഹൈക്കിംഗ് തുടങ്ങി നിരവധി വിനോദോപാധികൾ കൊണ്ടാണ് തന്നരികിലെത്തുന്നവരെ മണാലി സ്വീകരിക്കുന്നത്.
ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും മെയ് മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്കാരം മനസിലാക്കാം. പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്.