ന്യൂഡൽഹി: ഡൽഹി ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. ഏഴ് സീറ്റിൽ ആറിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാണ് കോൺഗ്രസിന്റെ ആദ്യ പട്ടിക പുറത്തുവന്നത്. മുൻ മുഖ്യമന്ത്രിയും ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷയുമായ ഷീല ദിക്ഷിത്തിന്റെ നേതൃത്വത്തിലായിരിക്കും കോൺഗ്രസ് ഡൽഹിയിൽ മത്സരത്തിനിറങ്ങുന്നത്. അതേസമയം, ഏഴാം സീറ്റിലെ സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ സീറ്റിലേക്ക് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ്.
നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ഷീല ദിക്ഷിത് മണ്ഡലത്തിൽ മത്സരിക്കുമ്പോൾ ഡൽഹി മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് മാക്കൻ ന്യൂഡൽഹിയിൽ മത്സരിക്കും. അരവിന്ദർ സിംഗ്, ജെ.പി അഗർവാൾ, രാജേഷ് ലിലോത്തിയ, മഹാബൽ മിശ്ര എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ, ഇവർ യഥാക്രമം ഈസ്റ്റ് ഡൽഹി, ചാന്ദ്നി ചൗക്ക്, നോർത്ത് വെസ്റ്ര് ഡൽഹി, വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിൽ മത്സരിക്കും
ഡൽഹിയിൽ ആം ആദ്മി -കോൺഗ്രസ് സഖ്യമുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ് രംഗത്തെത്തിയത്. ആം ആദ്മി പാർട്ടിക്ക് പിടിവാശിയാണെന്നും സഖ്യസാധ്യത മങ്ങിയെന്നും ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ പറഞ്ഞിരുന്നു. എന്തായാലും ഡൽഹിയിൽ ത്രികോണപ്പോരാട്ടം നടക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണ് സർവേകളും പറയുന്നത്.
ഇനി ചർച്ച വേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനം. സഖ്യ ചർച്ച പൊളിച്ചത് ആം ആദ്മി പാർട്ടിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.