kallada-ksrtc

കൊച്ചി : കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസിൽ വച്ച് യാത്രക്കാരനെ ജീവനക്കാർ കൂട്ടമായെത്തി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം പടരുന്നു. സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം വ്യാപകമായതോടെ സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച്‌കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു. മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് മരട് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബസ് ഓപ്പറേറ്റർമാരായ സുരേഷ് കല്ലട ഗ്രൂപ്പ്.

സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നതിനേക്കാളും സുരക്ഷിതമായി കെ.എസ്.ആർ.ടി.സിയുടെ ബസുകളിൽ യാത്ര ചെയ്യാമെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നുണ്ട്. നിരവധി പ്രാവശ്യം അന്തർ സംസ്ഥാന ബസുകളിൽ യാത്രചെയ്തിട്ടുള്ള യുവതി ഫേസ്ബുക്കിൽ പങ്കുവച്ച അഭിപ്രായവും ചർച്ചയാവുന്നുണ്ട്. കുറിപ്പ് വായിക്കാം

തിരുവനന്തപുരം ജോലി ചെയ്തപ്പോ നാട്ടിൽ വരാൻ ഒറ്റക്ക് രാത്രി യാത്ര വേണ്ടി വന്നിട്ടുണ്ട്. KSRTCയിൽ ആയിരുന്നു യാത്ര. സുരക്ഷിതമായ യാത്ര, സ്റ്റാഫിന്റെ ഭാഗത്തു നിന്നും നല്ല പെരുമാറ്റം. ചില പ്രൈവറ്റ് ബസുകാർ യാത്രക്കാരെ മർദിക്കുന്ന സാഹചര്യത്തിൽ KSRTC ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം.ഇടയ്ക്ക് കുറച്ചു താമസിച്ചു വരുമെങ്കിലും തല്ല് കിട്ടാതെ ആവശ്യമുള്ളിടത്ത് എത്താം. അതിരാവിലെ തിരുവനന്തപുരം എത്തിയ സന്ദർഭങ്ങളിൽ ഓഫീസിനു അടുത്തുള്ള സ്ഥലത്ത് സ്റ്റോപ്പ്‌ ഇല്ലാഞ്ഞിട്ടും നിർത്തി തന്ന മിന്നൽ ബസ് സ്റ്റാഫ്‌, ഒരു നാൾ 3 സ്ത്രീകൾ മാത്രമുണ്ടായിരുന്ന യാത്രയിൽ സുരക്ഷിതമായി ഞങ്ങളെ എത്തിച്ച വോൾവോ സ്റ്റാഫ്‌ എല്ലാവർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു. #KSRTC_ഇഷ്ടം❤️❤️😍
കേരള SRTC മാത്രമല്ല, പൂനെ ജോലി ചെയ്തപ്പോൾ കർണാടക SRTCയിൽ യാത്ര ചെയ്തിട്ടുണ്ട് ഒരുപാട്. അവരിൽ നിന്നും നല്ല പെരുമാറ്റമാണ് ഉണ്ടായത്. ഒരു തവണ മൈസൂരിൽ നിന്നും പോയ ബസ് 20 മിനിറ്റ് കഴിഞ്ഞപ്പോ ബ്രേക്ക്‌ഡൌൺ ആയി. അന്നവർ യാത്രക്കാരോട് ക്ഷമ ചോദിച്ചിട്ട് മറ്റൊരു ബസിൽ യാത്രക്കാരുമായി യാത്ര തുടർന്നു. യാത്രക്കാരിൽ പലരും ദേഷ്യപ്പെട്ടിട്ടും സ്റ്റാഫ്‌ ആരെയും മർദിച്ചില്ല. മാത്രമല്ല 20മിനിറ്റ് താമസിച്ചെങ്കിലും കൃത്യ സമയത്ത് destinationൽ ഞങ്ങളെ എത്തിച്ചു. പുണെന്നു മൈസൂറിലേക്കുള്ള ട്രിപ്പിൽ ഷിമോഗ ആയപ്പോൾ ലേഡീസ് ഇറങ്ങി. പിന്നെ ഞാനും എന്റെ സഹപ്രവർത്തകയും മാത്രം. ഞങ്ങളുടെ മുഖത്തെ ഭയം കണ്ടിട്ടാകാം അറിയാവുന്ന ഇംഗ്ലീഷിൽ സ്റ്റാഫ്‌ പറഞ്ഞു അവർക്കും അമ്മയും ഞങ്ങളുടെ പ്രായമുള്ള പെങ്ങന്മാരും ഉള്ളതാണ്, ധൈര്യമായി യാത്ര ചെയ്തോളാൻ. വിവേകാനന്ദ, SRSലും യാത്ര ചെയ്തിട്ടുണ്ട്, അവരും മാന്യമായിട്ടാണ് പെരുമാറിയത്. കല്ലട ബസിന്റെ പ്രശ്നത്തിൽ ഇത്രയും പ്രതികരിക്കാൻ കാരണം, എന്റെ ചേച്ചിയും കൈകുഞ്ഞും തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ബുക്ക്‌ ചെയ്തിരുന്നു കഴിഞ്ഞ ജനുവരിയിൽ.എമർജൻസി സിറ്റുവേഷൻ വന്നപ്പോൾ 5മിനിറ്റ് സമയത്തേക്ക് ബസ് നിർത്താൻ പറഞ്ഞപ്പോ അവർ സമ്മതിച്ചില്ല. കൂടെയുള്ള യാത്രക്കാർ പറഞ്ഞിട്ടു പോലും. ആ രാത്രിയിൽ എന്റെ ചേച്ചിക്ക് തൃശൂർ ഇറങ്ങേണ്ടി വന്നു.അത് കഴിഞ്ഞിട്ടും ഇവന്മാരുടെ ഗുണ്ടായിസം തുടരുന്നു. ഇത് ഇനിയും തുടരും. ദയവായി നിങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ട്രാവെൽസ് തിരഞ്ഞെടുക്കുക. Nb. ഒരുപാട് നല്ല സ്റ്റാഫ്‌ ഉണ്ട് പ്രൈവറ്റ് ബസിൽ. എല്ലാവരെയും അല്ല ഞാൻ മോശമായി പറയുന്നത്.ആ നല്ല മനുഷ്യരോട് ബഹുമാനവും ഉണ്ട്. കുറച്ചു പേര് മോശമായി പെരുമാറിയാൽ നല്ല ആളുകളെ കൂടി സമൂഹം സംശയ ദൃഷ്ടിയിൽ കാണാൻ ഇടയാക്കും