കൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഇന്നലെ നടന്ന സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിൽ കർണാടക സ്വദേശികളായ രണ്ട് ജെ.ഡി.എസ് പ്രവർത്തകരും. കർണാട മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. തുംകുരു സ്വദേശികളായ കെ. ജി. ഹനുമന്തരായപ്പ, എം. രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവണ്ണ, പുട്ടരാജു, മുനിയപ്പ, ലക്ഷ്മിനാരായണ, മാരഗൗഡ, ഹനുമന്തരായപ്പ, രംഗപ്പ എന്നിവരാണ് ശ്രീലങ്കയിലേയ്ക്ക പോയ ജെ.ഡി.എസ് പ്രവർത്തകർ. മറ്റ് അഞ്ചു പ്രവർത്തകരെക്കുറിച്ച് വിവരമില്ലെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം അവധി ആഘോഷിക്കുന്നതിനാണ് ഏഴു പേരടങ്ങുന്ന ജെ.ഡി.എസ് പ്രവർത്തകരുടെ സംഘം കൊളൊംബോയിലേയ്ക്ക് പോയത്. സ്‌ഫോടനം നടന്ന ഹോട്ടലിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. സ്ഫോടനത്തിൽ ആറ് ഇന്ത്യക്കാരടക്കം 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 35 പേർ വിദേശികളാണ്. കാസർകോട് സ്വദേശിനിയായ റസീന ഖാദറും മരിച്ചവരിൽ ഉൾപ്പെടുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.