modi-and-rahul-

ന്യൂഡൽഹി: റാഫേൽ വിഷയത്തിൽ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് (ചൗക്കിദാർ ചോർ ഹെ) സുപ്രീം കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ ക്ഷമ ചോദിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. രാഹുലിനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസിന് മറുപടിയായാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികരണം തിരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞതാണെന്ന് രാഹുൽ കോടതിയെ അറിയിച്ചു. രാഹുലിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി നൽകിയ ഹർജിയിലാണ് കോടതിയുടെ നോട്ടീസ്. തിങ്കളാഴ്ചയ്ക്കു മുൻപ് മറുപടി നൽകണമെന്നാണ് അറിയിച്ചത്.

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് സമാന്തര ചർച്ചകൾ നടത്തി ഫ്രഞ്ച് കമ്പനി ഡെസാൾട്ട് ഏവിയേഷന് കാരാറിൽ ഇളവ് നൽകിയെന്ന് വ്യക്തമാക്കുന്ന രേഖകൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.

ചൗക്കിദാർ ചോർ ഹെ എന്ന് സുപ്രിം കോടതി പറഞ്ഞതായിരുന്നു രാഹുലിന്റെ പ്രതികരണം. ഉത്തരവിലില്ലാത്ത കാര്യം കോടതി പരാമാർശമെന്ന രീതിയിൽ പറഞ്ഞതിലൂടെ രാഹുൽ ഗാന്ധി നടത്തിയത് കോടതിയലക്ഷ്യമാണ് എന്ന് മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്‌തകി വാദിച്ചു. തങ്ങളുടെ ഉത്തരവിൽ ചൗക്കിദാർ ചോർ ഹെ എന്ന പരാമർശം ഇല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചില രേഖകൾ പരിശോധിക്കാൻ തീരുമാനിക്കുക മാത്രമാണ് ചെയ്തതെന്നും, കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർന്നാണ് രാഹുൽ ഗാന്ധിയോട് ഈ മാസം 22നകം വിശദീകരണം നൽകാൻ കോടതി ഉത്തരവിട്ടത്.