kallada

കൊച്ചി: ബസ് യാത്രക്കാർക്ക് ക്രുര മർദ്ദനമേറ്റ സംഭവത്തിൽ കല്ലട ഗ്രൂപ്പിന്റെ ബുക്കിംഗ് ഓ‌ഫീസ് എൽ.ഡി.എഫ് പ്രവർത്തകർ അടപ്പിച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്നും, ബസ് പിടിച്ചെടുക്കാനാവശ്യമായ നിര്‍ദേശം നല്‍കി കഴിഞ്ഞെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. ഇതിനിടെ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതായി ഗതാഗത കമ്മിഷണര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടി.

നേരത്തെ സംഭവത്തിൽ പൊലീസ്‌ കേസെടുത്തിരുന്നു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് കേസ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച്‌കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു. മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് മരട് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോഴിക്കോട് ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബസ് ഓപ്പറേറ്റർമാരായ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബംഗളുരുവിലേക്കുള്ള വോൾവോ ബസിൽ ജീവനക്കാർ യാത്രക്കാരായ യുവാക്കളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. ബസിലുണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്നയാളാണ് മർദ്ദന ദൃശ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഹരിപ്പാട് നിന്നു ബംഗളൂരുവിലേക്ക് രാത്രി 12ന് പുറപ്പെട്ട് 10 മിനിട്ടിനു ശേഷം ബ്രേക്ക് ഡൗണായെന്നും യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെന്നുമാണ് പോസ്റ്റിൽ പറയുന്നത്. മൂന്നു മണിക്കൂറിലേറെ ബദൽ സംവിധാനമില്ലാതെ ബുദ്ധിമുട്ടിയതോടെ രണ്ടു യാത്രക്കാർ ചോദ്യം ചെയ്യുകയായിരുന്നു.

എന്നാൽ, ബസ് ജീവനക്കാരും സംഘവുമെത്തി സീറ്റിലിരിക്കുകയായിരുന്ന യാത്രക്കാരെ മർദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ സമീപത്തെ സീറ്റിലെ യാത്രക്കാരനെയും മർദ്ദിച്ചു. യുവാക്കളെ അസഭ്യം പറഞ്ഞ് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും പിടിച്ചുവലിച്ച് പുറത്തിറക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 1000 രൂപ നൽകിയാണ് യാത്ര ചെയ്യുന്നതെന്നു യുവാക്കൾ പറഞ്ഞെങ്കിലും മർദ്ദനം തുടർന്നുവെന്ന് പരാതിയിൽ പറയുന്നു.