കാൺപൂർ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. ബ്രിട്ടനിലും ഇറ്റലിയിലും രാഹുൽ ഗാന്ധിയെ അറിയപ്പെടുന്നത് രാഹുൽ വിഞ്ചിയെന്നാണെന്നും, ഇത്രയും കാലം രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ഖട്ടംപുരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ യോഗി ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ പേര് യഥാർത്ഥമല്ല. ബ്രിട്ടനിലും ഇറ്റലിയിലും രാഹുൽ വിഞ്ചിയെന്നാണ്. ധൈര്യമുണ്ടെങ്കിൽ രാഹുലും പ്രിയങ്കയും അവരുടെ പേര് ജനങ്ങളോട് പറയണമെന്നും യോഗി വെല്ലുവിളിച്ചു. അമേതിയിൽ കോൺഗ്രസ് ക്ഷേത്രങ്ങളാണ് സന്ദർശിക്കുന്നതെങ്കിൽ കേരളത്തിൽ മുസ്ലീം പള്ളികളിലാണ് കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തുന്നത്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും യോഗി പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഒരിക്കൽ പറഞ്ഞിരുന്നു മുസ്ലീംങ്ങൾക്ക് രാജ്യത്ത് അവകാശങ്ങളുണ്ടെന്ന്. അങ്ങനെയാണെങ്കിൽ മറ്റുള്ളവർ അവകാശങ്ങൾക്കായി എവിടെ പോകണമെന്നും യോഗി ചോദിച്ചു.
രാജ്യം മുഴുവനും മോദി വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. മോദി വികസനത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ കോൺഗ്രസ് മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാണ് ശ്രമക്കുന്നത്. പ്രധാനമന്ത്രിയുടെ നേട്ടങ്ങൾ എണ്ണിപറഞ്ഞ യോഗി സമാജ് വാദി പാർട്ടിയെയും കടന്നാക്രമിക്കുകയും ചെയ്തു. സമാജ്‌വാദി പാർട്ടിയുടെ കൊടിയുമായി പോകുന്നവരെല്ലാം കോമാളികളാണെന്ന് യോഗി പരിഹസിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയെന്ന് ചൂണ്ടിക്കാട്ടി അമേതിയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ധ്രുവ് ലാൽ തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. രാഹുൽ വിഞ്ചി എന്ന പേരിൽ യു.കെയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു. വിദ്യാഭ്യാസ യോഗ്യതയായി കാണിച്ച കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡെവലപ്മെന്റ് എക്കണോമിക്സിൽ എം.ഫിൽ നേടിയത് രാഹുൽ വിഞ്ചി എന്ന പേരിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ധ്രുവ് ലാൽ സമർപ്പിച്ച പരാതിയിൽ തിരഞ്ഞെടുപ്പ് കമീഷൻ ഇന്ന് പരിശോധന നടത്തും. രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയിലും സംശയമുണ്ടെന്ന് ആരോപണമുണ്ട്. പരാതിയെക്കുറിച്ച് കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.