accident

റോ‌ഡ് യാത്രയിൽ എത്രത്തോളം ശ്രദ്ധപുലർത്തണമെന്ന് നമുക്കോരോരുത്തർക്കും അറിയാവുന്നതാണ്. പലപ്പോഴും അമിത വേഗതയിൽ ഉണ്ടാവുന്ന അപകടങ്ങളിൽ ചിലപ്പോൾ ഇരകളാവുന്നത് നിഷ്കളങ്കരായ വ്യക്തികളാണ്. ഇതൊക്കെ നമുക്ക് അറിയാമെങ്കിലും പലരും റോഡിലെത്തിയാൽ എല്ലാം മറക്കും.

താൻ നിയന്ത്രിക്കുന്നതിന് അപ്പുറത്തേക്ക് വാഹനം പോകില്ലെന്ന അമിതമായ ആത്മവിശ്വാസമാണ് പലർക്കും ഉള്ളത്. എത്രവേഗത്തിൽ പോയാലും വാഹനം തന്റെ കൺട്രോളിലായിരിക്കും എന്ന വിശ്വാസത്തിൽ ആക്സിലറേറ്റർ അമർത്തുമ്പോൾ നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവനുമാണ് അപകടത്തിലാകുന്നതെന്ന് ഓർമിക്കണം. അതിന് ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ. റോഡിന് സമീപത്തെ കടയിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുകയാണ്.

റോഡിലൂടെ വളരെ സാവധാനം വരുന്ന ഓട്ടോറിക്ഷയിലേക്ക് അമിത വേഗത്തിൽ കടന്ന് വന്ന ഒരു കാർ ഇടിച്ച് തെറിപ്പിക്കുകയാണ്. അമിതവേഗത്തിൽ എത്തിയ കാറാണ് ഇവിടെ അപകടത്തിന് ഉത്തരവാദിയെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകും. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മിഡിയനിൽ തട്ടി എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ കണ്ടുനിന്നവരെ ഞെട്ടിപ്പിച്ച അപകടം എവിടെ നടന്നതാണെന്നോ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളോ ലഭ്യമല്ല.