ആറിടത്ത് അഗ്നിക്കാവടി
സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരത്തിന് അരങ്ങാകുന്ന ആറ് ലോക്‌സഭാ മണ്ഡലങ്ങൾ. മൂന്നു മുന്നണികളും ഈ മണ്ഡലങ്ങളിൽ പുലർത്തുന്ന പ്രതീക്ഷകൾക്ക് അടിസ്ഥാനമെന്ത്? ഏറ്റവും ശക്തമായ പോരാട്ടത്തിനു വേദിയായ ആ ആറിടങ്ങളിലൂടെ ഒരു യാത്ര. തിരുവനന്തപുരം. സംസ്ഥാനത്തെ ഏറ്റവും ശക്തമായ ത്രികോണമത്സരം ഇവിടെ. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച യു.ഡി.എഫിലെ ശശി തരൂരിന്റെ വിശ്വപൗരൻ ഇമേജും, ഇതുവരെ തോൽവിയറിയാത്ത കമ്മ്യൂണിസ്റ്റ് കരുത്തൻ സി. ദിവാകരന്റെ രാഷ്‌ട്രീയാതീത പ്രതിച്ഛായയും, ശബരിമല വിഷയത്തിൽ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് ബി.ജെ.പി കളത്തിലിറക്കിയ കുമ്മനം രാജശേഖരന്റെ ശൈലീലാളിത്യവും മാറ്റുരയ്‌ക്കുമ്പോൾ മത്സരവീര്യം കടുപ്പം. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബി.ജെ.പി കണ്ടുവച്ച ഒന്നാം മണ്ഡലം. 2014-ൽ സി.പി.ഐയെ പിന്തള്ളി കൈയടക്കിയ രണ്ടാംസ്ഥാനം ഇത്തവണ ശബരിമല വോട്ടുകൾ കൂടി ചേർത്ത് വിജയത്തിലേക്ക് എത്തിക്കാമെന്ന് ബി.ജെ.പി പ്രതീക്ഷ. അതേസമയം, തരൂർ ഹാട്രിക്കടിക്കുമെന്ന് യു.ഡി.എഫും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നാണക്കേട് ദിവാകരനിലൂടെ മറികടക്കാമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ ശശി തരൂരിന്റെ ഭൂരിപക്ഷം: 15,470 വോട്ട്.
പത്തനംതിട്ട
ശബരിമല യുവതീപ്രവേശന വിവാദവും, തുടർ പ്രക്ഷോഭങ്ങളും വഴി ദേശീയ ശ്രദ്ധയാകർഷിച്ച സ്ഥലം. വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തിന് നായകത്വം വഹിച്ച കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. നവോത്ഥാന മൂല്യസംരക്ഷണം മുദ്രാവാക്യമാക്കി ഇടതു മുന്നണിക്കായി വീണാ ജോർജും, യു.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.പി ആന്റോ ആന്റണിയും. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ മത്സരിക്കാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും ജനറൽ സെക്രട്ടറി എം.ടി രമേശും കളത്തിലുണ്ടായിരുന്നെങ്കിലും ഒടുവിൽ സുരേന്ദ്രനു തന്നെ അവസരം ലഭിച്ചു. കഴിഞ്ഞ തവണ ലഭിച്ച 1,38,954 വോട്ടിനൊപ്പം വിശ്വാസി വോട്ടുകൾ കൂടി ചേർത്ത് കരുത്തു തെളിയിക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടൽ. കഴിഞ്ഞ തവണ ആന്റോ ആന്റണിയുടെ ജയം 56,191 വോട്ടുകൾക്കായിരുന്നു. ശബരിമല വിഷയത്തിൽ വോട്ടർമാരുടെ പ്രതികരണം തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കുമെന്നത് ശ്രദ്ധാകേന്ദ്രം.
തൃശൂർ
എം.എൽ.എ കൂടിയായ ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപന്റെ ജനസ്വാധീനവും, സി.പി.ഐയുടെ രാജാജി മാത്യു തോമസിന്റെ ബഹുമുഖ പ്രാഗത്ഭ്യവും, എൻ.ഡി.എ സ്ഥാനാർത്ഥിയായി നടൻ സുരേഷ്ഗോപിയുടെ താരസാന്നിദ്ധ്യവുംകൊണ്ട് ശ്രദ്ധേയമായ മണ്ഡലം. ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നേരത്തേ മത്സരിക്കാൻ നോട്ടമിട്ടിരുന്ന മണ്ഡലം. താഴേത്തട്ടിൽ അതിനുള്ള ശക്തമായ മുന്നൊരുക്കങ്ങളും അദ്ദേഹം നടത്തിയിരുന്നു. കഴിഞ്ഞ തവണ സി.പി.ഐയിലെ സി.എൻ. ജയദേവൻ വിജയിച്ചത് 38,227 വോട്ടുകൾക്ക്. വോട്ടുനില 35 ശതമാനം വരെ വർദ്ധിപ്പിക്കാമെന്ന ബി.ജെ.പി പ്രതീക്ഷയെ മറികടക്കാനുള്ള തന്ത്രങ്ങൾ ഇരുമുന്നണികളും പയറ്റുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ 44,000-ത്തിലധികം വോട്ട് ഇത്തവണ ആർക്കു ലഭിക്കുമെന്നതും കൗതുകം. പത്തനംതിട്ട കഴിഞ്ഞാൽ ശബരിമല വിഷയം ഏറ്റവുമധികം സ്വാധീനം ചെലുത്തുക തൃശൂരിൽ ആയിരിക്കുമെന്ന് വിലയിരുത്തൽ.
ആലത്തൂർ
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ഇടതു സ്ഥാനാർത്ഥി ഡോ. പി.കെ. ബിജു വിജയിച്ച മണ്ഡലം. ശക്തമായ ഇടതുപക്ഷ അനുഭാവമുള്ള മേഖല. ഹാട്രിക് വിജയത്തിനൊരുങ്ങുന്ന പി.കെ. ബിജുവിനെ നേരിടാൻ യു.ഡി.എഫ് ഇത്തവണ രംഗത്തിറക്കിയത് മത്സരക്കളത്തിൽ പുതുമുഖമായ രമ്യാ ഹരിദാസിനെ. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ-ഓർഡിനേറ്ററും ഗായികയും നർത്തകിയുമായ രമ്യയുടെ പ്രചാരണം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാഹുൽ ഗാന്ധി കണ്ടെത്തിയ ന്യൂജനറേഷൻ നേതാക്കളിലെ വനിതാതാരമായ രമ്യയിലൂടെ പി.കെ. ബിജുവിന്റെ ആധിപത്യം തടയാമെന്നാണ് ഇവിടെ കോൺഗ്രസ് പ്രതീക്ഷ. ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി ടി.വി. ബാബു എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ബി.ജെ.പിയും ഇവിടെ ശക്തമായ പോരാട്ടത്തിൽ. കഴിഞ്ഞ തവണ ഇവിടെ എൻ.ഡി.എ 87,803 വോട്ട് നേടിയിരുന്നു. ഇടതു മുന്നണിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 37,312. രമ്യയുടെ സാന്നിദ്ധ്യവും ടി.വി.ബാബുവിന്റെ സാമുദായിക പിന്തുണയും വോട്ടുനിലകളിൽ മാറ്റം വരുത്തിയേക്കാം.
പാലക്കാട്
എൽ.ഡി.എഫിലെ എം.ബി. രാജേഷ് ഇവിടെ നിന്ന് മൂന്നാം തവണ മത്സരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമായിരുന്ന ജെ.ഡി.യു നേതാവ് എം.പി. വീരേന്ദ്രകുമാറിന്റെ പരാജയത്തിലൂടെ ശ്രദ്ധേയമായ മണ്ഡലം. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ ആയിരുന്നു കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥി. അന്ന് ശോഭ നേടിയത് 1,36,541 വോട്ട്. 2009-ൽ സി.കെ. പദ്മനാഭൻ നേടിയതിന്റെ ഇരട്ടിയോളം വോട്ടുകളാണ് ശോഭാ സുരേന്ദ്രനു കിട്ടിയത്. മണ്ഡലത്തിൽ ശക്തമായ വേരോട്ടമുള്ള പാർട്ടിക്ക് ഇത്തവണ ശബരിമല വിഷയം തുണയാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥിയായ സി. കൃഷ്‌ണകുമാർ ശോഭ സുരേന്ദ്രനോളം വോട്ട് സമാഹരിക്കുമോ എന്ന് കണ്ടറിയണം. എൽ.ഡി.എഫിൽ ഇക്കുറി അടിയൊഴുക്കുണ്ടാകുമെന്ന് മറ്റ് രണ്ടു മുന്നണികളും കരുതുന്നു. ഡി.സി.സി പ്രസിഡന്റ് കൂടിയായ വി.കെ. ശ്രീകണ്‌ഠൻ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ശ്രീകണ്‌ഠന്റെ കരുത്തിൽ രാജേഷിനെ തളയ്‌ക്കാമെന്ന് യു.ഡി.എഫ് പ്രതീക്ഷ.
വയനാട്
എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ദേശീയരാഷ്‌ട്രീയ രംഗം ഉറ്റുനോക്കുന്ന മണ്ഡലം. രാഹുലും പ്രിയങ്കാ ഗാന്ധിയും മണ്ഡലത്തിൽ നടത്തിയ റോഡ് ഷോയും, പ്രചാരണവും വലിയ മാദ്ധ്യമശ്രദ്ധയാകർഷിച്ചു. കഴിഞ്ഞ തവണ എം.ഐ. ഷാനവാസ് വിജയിച്ചത് 20,870 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇത് പതിന്മടങ്ങ് വർദ്ധിപ്പിക്കാമെന്നു മാത്രമല്ല, രാഹുലിന്റെ സാന്നിദ്ധ്യം മുഴുവൻ മണ്ഡലങ്ങളിലും യു.ഡി.എഫിന് ശക്തി പകരുമെന്നും സംസ്ഥാന കോൺഗ്രസ് ഘടകം വിശ്വസിക്കുന്നു. ഇടതുപക്ഷം സി.പി.ഐയിലെ കരുത്തനായ പി.പി. സുനീറിനെ സ്ഥാനാർത്ഥിയാക്കിയത് രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിനു മുമ്പായിരുന്നു. ദേശീയതലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന കോൺഗ്രസ് കേരളത്തിൽ ഇടതുമുന്നണിയോട് മത്സരിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കിയിരുന്നു. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മണ്ഡലത്തിൽ തുഷാർ ശക്തമായ പ്രചാരണം നടത്തിയിരുന്നു. തിരുവനന്തപുരം- പത്തനംതിട്ട: 103 കി.മീ പത്തനംതിട്ട- തൃശൂർ: 198 കി.മീ തൃശൂർ- ആലത്തൂർ- 46 കി.മീ ആലത്തൂർ- പാലക്കാട്- 23 കി.മീ പാലക്കാട്- വയനാട്- 151 കി. മീ