kallada

കൊച്ചി : തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിക്ക് ഓപ്പറേറ്റ് ചെയ്യുന്ന കല്ലട ബസിൽ യാത്രക്കാരനെ ജീവനക്കാർ കൂട്ടം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. അതേ സമയം കല്ലട സുരേഷ് ഗ്രൂപ്പിന്റെ ബസുകളിൽ യാത്ര ചെയ്തിരുന്നവർ നിരന്തരം അവഹേളനവും അപമാനവും സഹിക്കേണ്ടി വന്നിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ നിന്നും മനസിലാക്കാവുന്നതാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ നിരവധി പേരാണ് കല്ലടയിൽ അനുഭവിക്കേണ്ടി വന്ന യാത്രാ ദുരിതങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയത്.

അതേ സമയം കല്ലടബസിൽ നിന്നും രണ്ട് തവണ ദുരനുഭം നേരിട്ടെന്ന് നടനും കലാകാരനുമായ സന്തോഷ് കീഴാറ്റൂർ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ആ സംഭവങ്ങൾക്കു ശേഷം ഇനി യാത്ര ചെയ്തില്ലെങ്കിലും കല്ലടയിൽ വേണ്ടെന്ന് തീരുമാനമെടുത്തിരുന്നെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പോയ ബസിൽ അക്രമസംഭവമുണ്ടായത്. ബസ് ജീവനക്കാരും ഗുണ്ടകളുമായി പതിനഞ്ചോളം പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് യാത്രാക്കാരൻ പരാതി നൽകിയിരിക്കുന്നത്. ജീവനക്കാർ ബസിനുള്ളി അക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.