rahul-gandhi

അമേതി: ഈ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസാണ് കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതെങ്കിൽ യാതൊരു ഭയവും കൂടാതെ ഞങ്ങളുടെ സർക്കാരിന് മാദ്ധ്യമങ്ങൾ വിമർശിക്കാമെന്ന് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. 2019ന് ശേഷം നിങ്ങൾക്ക് എന്താണ് തോന്നുന്നത് അത് എഴുതാമെന്നും അത് എനിക്ക് എതിരെയാവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേതിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

'ഇപ്പോൾ മാദ്ധ്യമങ്ങൾ ചിരിക്കുകയായിരിക്കും. കാരണം മാദ്ധ്യമങ്ങൾ ഹൃദയത്തിൽ നിന്നും സംസാരിച്ചാൽ അവർ അവരെ അടിച്ചൊതുക്കും. നരേന്ദ്ര മോദി സർക്കാർ നിങ്ങളെ അടിച്ചമർത്തുകയാണ്. വിഷമിക്കേണ്ട, 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം നിങ്ങൾക്ക് എന്താണോ തോന്നുന്നത്, അത് എഴുതാം.എനിക്കെതിരെയും എഴുതാം. ഒന്നും സംഭവിക്കില്ല- രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന മോദി സർക്കാർ കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കള്ളൻമാരെ സംരക്ഷിച്ചും അവരെ സഹായിച്ചുമാണ് മോദി അധികാരത്തിൽ തുടർന്നത്. ഞങ്ങൾ എന്തെല്ലാം നിങ്ങൾക്ക് തന്നോ അഞ്ച് വർഷം കൊണ്ട് അതെല്ലാം മോദി തിരിച്ചെടുത്തെന്നും രാഹുൽ കുറ്റപ്പെടുത്തി.