കൊളംബോ: ഈസ്റ്റർ ആഘോഷത്തിനിടെ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഒരു പാർപ്പിടത്തിലുമുണ്ടായ സ്പോടനങ്ങൾക്കു പിന്നിൽ പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ) ആണെന്ന് ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചു. എൻ.ടി.ജെയ്ക്ക് ഭീകരസംഘടനയായ ഐസിസിന്റെ സഹായം ലഭിച്ചിട്ടുള്ളതായി സംശയിക്കുന്നതായും സർക്കാർ വക്താവായ സെനരത്‌ന പറഞ്ഞു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വന്നു.സംഭവവുമായി ബന്ധപ്പെട്ട് 24 ശ്രീലങ്കൻ പൗരന്മാരെ അറസ്റ്റു ചെയ്തു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിശദമായ അന്വേഷണത്തിന് ശ്രീലങ്ക അന്താരാഷ്ട്ര സഹായവും തേടിയിട്ടുണ്ട്.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.45 ന് കൊച്ചിക്കാടെ സെന്റ് ആന്റണീസ് ദേവാലയത്തിലായിരുന്നു ആദ്യ സ്ഫോടനം. തുടർന്ന് നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ബാട്ടിക്കലോവയിലെ സിയോൺ ചർച്ച്, സിനമോൺ ഗ്രാൻഡ്, ഷാങ് റി ലാ, കിംഗ്സ്ബറി ഹോട്ടലുകളിലും സ്ഫോടനങ്ങളുണ്ടായി. മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ആറു സ്ഫോടനങ്ങളും നടന്നത്. ഉച്ചയ്ക്കുശേഷം കൊളംബോയ്ക്ക് സമീപമുള്ള ദേഹീവാല മൗണ്ട് ഹോട്ടലിലും കൊളംബോയ്ക്ക് വടക്ക് ഒരുഗോഡവട്ട എന്ന സ്ഥലത്തെ ഒരു പാർപ്പിട സമുച്ചയത്തിലുമായിരുന്നു സ്ഫോടനമുണ്ടായത്.