കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ഇന്ത്യയിലേക്ക് കടക്കാൻ സാദ്ധ്യയുണ്ടെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് നാവികസേനയോടും കോസ്റ്റ് ഗാർഡിനോടും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിൽ തൗഹീദ് ജമാഅത്താണെന്ന് (എൻ.ടി.ജെ) സൂചനയുണ്ടായിരുന്നു. ഈ സംഘടന തമിഴ്നാട്ടിൽ സജീവമായിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മൈത്രി സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അർദ്ധ രാത്രി മുതൽ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ സ്‌ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ശ്രീലങ്ക അന്താരാഷ്ട്ര സഹായവും തേടിയിട്ടുണ്ട്. സ്‌ഫോടനങ്ങൾ നടത്തുന്നതിനായി ഭീകരസംഘടനയ്ക്കു മറ്റേതെങ്കിലും രാജ്യത്തുനിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ക്യാബിനറ്റ് മന്ത്രി കൂടിയായ സർക്കാർ വക്താവ് സെനരാന്റെ അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ചിലും ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കയിലെ കാണ്ഡിയിൽ ബുദ്ധമത വിഭാഗവും ഇസ്ലാം സമുദായവും തമ്മിലുണ്ടായ സാമുദായിക ലഹളയെ തുടർന്ന് പത്ത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.