അമേതി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേതിയിൽ മത്സരിക്കാനായി സമർപ്പിച്ച നാമനിർദ്ദേശപത്രിക റിട്ടേണിംഗ് ഓഫീസർ സ്വീകരിച്ചു. എതിർസ്ഥാനാർത്ഥി ഉന്നയിച്ച പൗരത്വവിഷയമുൾപ്പെടെയുള്ളവ പരിശോധിച്ച ശേഷമാണ് പത്രിക സാധുവാണെന്ന് റിട്ടേണിംഗ് ഓഫീസർ റാം മനോഹർ മിശ്ര കണ്ടെത്തിയത്.
പൗരത്വം, വിദ്യാഭ്യാസയോഗ്യത എന്നിവ സംബന്ധിച്ച് രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി ധ്രുവ് ലാൽ ഉൾപ്പെടെ മൂന്നുപേരാണ് പരാതിയുമായി രംഗത്തെത്തിയത്. തടസവാദങ്ങളുയർന്നതോടെ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശപത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു.
ബ്രിട്ടൻ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ രാഹുൽ ഗാന്ധി ബ്രിട്ടൻ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നും അതിനാൽ ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നുമായിരുന്നു ധ്രുവ് ലാലിന്റെ പരാതിയിൽ പറഞ്ഞിരുന്നത്. മാത്രമല്ല, രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളിൽ തെറ്റുകളുണ്ടെന്നും അതിനാൽ ഒറിജിനൽ രേഖകൾ ഹാജരാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.